
രൂക്ഷമായ വാക്പോരുകള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കുമിടെ ഐഎന്‍എല്‍ വഹാബ് വിഭാഗത്തിന്‍റെ സെക്കുലര്‍ ഇന്ത്യ റാലി ഇന്ന്. സമ്മേളനത്തെ തള്ളിയ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഐഎന്‍എലില്‍ നിന്ന് പുറത്തായവരെ വിളിച്ചുകൂട്ടിയാണ് സമ്മേളനം നടത്തുന്നതെന്ന് തുറന്നടിച്ചു. മന്ത്രിയും സംഘവും യുഡിഎഫുമായി സഹകരിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് വഹാബ് വിഭാഗവും തിരിച്ചടിച്ചു.
മതേതര ഇന്ത്യയെ വീണ്ടെടുക്കുക. മതനിരപേക്ഷ കേരളത്തെ ഉയര്‍ത്തിപ്പിടിക്കുക. ഈ രണ്ട് മുദ്രാവാക്യങ്ങളുമുയര്‍ത്തിയാണ് ഐഎന്‍എല്‍ വഹാബ് വിഭാഗം സെക്കുലര്‍ ഇന്ത്യ റാലി നടത്തുന്നത്. മന്ത്രി വി. അബ്ദുറഹ്മാന്‍, പിടിഎ റഹീം എംഎല്‍എ എന്നിവരടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും. റാലിക്കെതിരെ അഹമ്മദ് ദേവര്‍ കോവില്‍– കാസിം ഇരിക്കൂര്‍ വിഭാഗം ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും പരിപാടി കോടതി തടഞ്ഞില്ല. എന്നാല്‍ സമ്മേളനം നിരീക്ഷിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. കോടതീയലക്ഷ്യ നടപടികള്‍ ഉണ്ടാകുന്നുണ്ടോയെന്ന് അറിയാന്‍ വേണ്ടിയാണ് കോഴിക്കോട് മൂന്നാം അഡീഷണല്‍ സബ് കോടതിയുടെ ഉത്തരവ്. കോഴിക്കോട് എത്രയോ സമ്മേളനങ്ങള്‍ നടക്കുന്നുണ്ടെന്നും അതിലൊന്ന് മാത്രമാണ് വഹാബ് വിഭാഗത്തിന്‍റേതെന്നും ചൂണ്ടിക്കാട്ടിയ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ എതിര്‍വിഭാഗത്തെ പുച്ഛിച്ചു തള്ളി.
ഇക്കാര്യത്തില്‍ ഐഎന്‍എല്‍ വഹാബ് വിഭാഗത്തിന്‍റെ മറുപടി ഇങ്ങനെ. ഇടക്കൊന്ന് നിര്‍ത്തിവച്ച പരസ്യവിഴുപ്പലക്കല്‍ വീണ്ടും തുടങ്ങിയിരിക്കുന്ന ഐഎന്‍എലിലെ ഇരുകൂട്ടരും, തര്‍ക്കം പരിഹരിക്കണമെന്ന ഇടതുമുന്നണിയുടെ ആവര്‍ത്തിച്ചുള്ള നിര്‍ദേശം കേട്ടഭാവം നടിച്ചിട്ടില്ല.