രസകരമായ ഓർമകൾ പങ്കുവച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ; തൃശൂരിൽ കുടുംബസംഗമം

youthcongress
SHARE

യൂത്ത് കോൺഗ്രസ്നേ താവായിരുന്നകാലത്തെ രസകരമായ ഓർമകൾ പങ്കുവച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് പഴയകാല യൂത്ത് കോൺഗ്രസ് നേതാക്കൾ തൃശൂരിൽ കുടുംബസമേതം ഒത്തുചേർന്നത്. 

മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിയാണ് കുടുംബസംഗമത്തിനു തിരിതെളിയിച്ചത്. യൂത്ത് കോൺഗ്രസിൽ പ്രവർത്തിച്ച കാലത്തെ നല്ല ഓർമകൾ വയലാർ രവി പങ്കുവച്ചു. യൂത്ത് കോൺഗ്രസിൽ താഴെത്തട്ടു മുതൽ തിര‍ഞ്ഞെടുപ്പു നടത്തി ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന പഴയ രീതിയിലേക്ക് മടങ്ങിപ്പോകണമെന്ന് വി.എം.സുധീരൻ പറഞ്ഞു.

പ്രസംഗമത്സരത്തിനു കിട്ടിയ പൈസ കൊണ്ട് ബിരിയാണി വാങ്ങിപ്പിച്ച വി.എം.സുധീരന്റെ കഥ എം.എം.ഹസൻ ഓർത്തെടുത്തു. ‌പാർലമെന്ററി മോഹം ഉള്ളിൽ കൊണ്ടുനടന്ന കാര്യമായിരുന്നു വി.ഡി.സതീശൻ പങ്കുവച്ചത്. പ്രശ്നങ്ങൾ തീർക്കുന്ന നേതാക്കൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും എരി കൂട്ടുന്നവരാണ് ഏറെയുമെന്നും രമേശ ചെന്നിത്തല പറഞ്ഞു. എംഎൽഎ ആയപ്പോൾ കെഎസ്‌യുവിനെ മറന്നുവോ എന്നു ചോദിച്ച് വയലാർ രവി ശകാരിച്ച കഥ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പങ്കു വച്ചത് സദസ്സിൽ ചിരി പടർത്തി. പാലക്കാട് കോളജിൽ ഒരു കെഎസ്‍യു പ്രവർത്തകന്റെ പത്രിക തള്ളിപ്പോയെന്നു വാർത്ത കണ്ടായിരുന്നു ഷാഫിയെ വയലാർ രവി ശകാരിച്ചത്. മുൻ സംസ്ഥാന പ്രസിഡന്റുമാരായ കെ.സി.ജോസഫ്, പന്തളം സുധാകരൻ, പി.സി.വിഷ്ണുനാഥ്, ടി.സിദ്ദിഖ്, എം.ലിജു, ഡീൻ കുര്യാക്കോസ് എന്നിവരും എത്തിയിരുന്നു.

MORE IN KERALA
SHOW MORE