കണക്കു പറഞ്ഞ് കൈക്കൂലി വാങ്ങും; കെട്ടുതാലി പണയം വച്ചും പണം നല്‍കിയവര്‍; വ്യാപക പരാതി

suresh-
SHARE

പാലക്കയത്ത് കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാർ കണക്കു പറഞ്ഞാണ് കൈക്കൂലി വാങ്ങിയിരുന്നതെന്നു നാട്ടുകാർ പറയുന്നു. 500 മുതൽ 10,000 രൂപ വരെയാണു പലരിൽ നിന്നും കൈപ്പറ്റിയത്. അപേക്ഷ നൽകിയാൽ പണം നൽകാതെ കാര്യം നടക്കില്ല. അപേക്ഷ നൽകി ദിവസങ്ങളോളം അപേക്ഷകനെ നടത്തിക്കും. എന്താ ചെയ്യേണ്ടതെന്ന് ഗത്യന്തരമില്ലാതെ ചോദിക്കുമ്പോൾ തുകയുടെ കണക്കു പറയും. പറഞ്ഞ തുക നൽകിയാൽ ദിവസങ്ങൾക്കകം സേവനം റെഡി. ഇതാണു സുരേഷ് കുമാറിന്റെ രീതി. കാര്യം നടക്കാൻ കെട്ടുതാലി പണയം വച്ചാണെങ്കിലും ആളുകൾ പണം കൊടുക്കും. 

മലമുകളിൽ നിന്ന് ഒരു തവണ വില്ലേജ് ഓഫിസിലെത്താൻ ഒരു വശത്തേക്ക് ഓട്ടോറിക്ഷയ്ക്ക് 250 രൂപ നൽകണം. തിരിച്ചു പോകാനും അത്രതന്നെ തുക വേണം. ഇങ്ങനെ പലതവണ വന്നു പോകുന്ന കാശ് സുരേഷിനു കൊടുത്താൽ കാര്യം നടക്കുമെങ്കിൽ അതല്ലേ നല്ലതെന്നു തങ്ങളും കരുതിയെന്നു നാട്ടുകാർ പറയുന്നു. ചിലരെങ്കിലും പ്രതിഷേധിക്കുകയും കൈക്കൂലിക്കെതിരെ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകുകയും ചെയ്തെങ്കിലും നടപടിയുണ്ടായില്ല. വിവാഹം കഴിച്ചിട്ടില്ലാത്തതിനാൽ ചെലവു കുറവാണെന്നും ശമ്പളം അധികം ചെലവഴിക്കാറില്ലെന്നുമാണു പണം കണ്ടെത്തിയതിനെക്കുറിച്ചു സുരേഷ് കുമാർ മൊഴി നൽകിയത്.

കൈക്കൂലിക്കേസിൽ അറസ്റ്റിലായ സുരേഷ് കുമാറിനെതിരെ നാട്ടിൽ വ്യാപകമായി പരാതി ഉയരുമ്പോഴും മേലുദ്യോഗസ്ഥർക്ക് ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ല. ഇയാൾക്ക് എതിരെ വിജിലൻസിനു ലഭിക്കുന്ന ആദ്യ പരാതിയിലാണു നടപടി ഉണ്ടായത്. ഇത്രയേറെ സമ്പാദ്യം കണ്ടെടുത്തിട്ടും, സുരേഷ് കുമാറിനെതിരെ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന മേൽ ഉദ്യോഗസ്ഥരുടെ നിലപാട് ദുരൂഹമാണ്.

പാലക്കയത്തെ ഒട്ടുമിക്ക ആളുകൾക്കും പരാതിയുണ്ട്. കൈക്കൂലി വാങ്ങുന്നതിനെതിരെ വില്ലേജ് ഓഫിസിലേക്കു ധർണ വരെ നടത്തിയിട്ടും അറിഞ്ഞില്ലെന്ന മേലുദ്യോഗസ്ഥരുടെ വാദം കള്ളമാണെന്നു നാട്ടുകാർ പറയുന്നു. സുരേഷ്കുമാർ ഒറ്റപ്പെട്ട സംഭവമല്ലെന്നും പണം വാങ്ങുന്നതിനു പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ടെന്നും നാട്ടുകാർ ആരോപിച്ചു. ഇതിനിടെ വില്ലേജ് ഓഫിസിലെ കൈക്കൂലിയിടപാടുകളുടെ സമാന സംഭവങ്ങള്‍ പലതും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. 

തന്റേതല്ലാത്ത അപാകത കാരണം നാലേക്കറിന് അയൽക്കാരന്റെ പേരു ചേർത്തു കരമടയ്ക്കേണ്ട ഗതികേടിലുള്ള കുടുംബത്തോട്, സ്വകാര്യ സർവേയറെക്കൊണ്ട് ഭൂമി അളന്നു സ്കെച്ച് തയാറാക്കി നൽകാനാണ് അട്ടപ്പാടിയിൽ റവന്യു ഉദ്യോഗസ്ഥന്റെ നിർദേശം. 30,000 രൂപ ചെലവാക്കി സ്കെച്ച് സമർപ്പിച്ചപ്പോൾ അതു സ്വീകാര്യമല്ലെന്നായി. എല്ലാ അദാലത്തിലും പരാതി നൽകി മടുത്തു. പലതവണ നൽകിയ കൈക്കൂലിയുടെ കണക്കും പേരും വെളിപ്പെടുത്താൻ ഇവർക്കു ഭയമാണ്.

5 സെന്റ് പോക്കുവരവു ചെയ്തു കിട്ടാൻ 2,000 രൂപ കൈക്കൂലി ചോദിച്ച വില്ലേജ് അസിസ്റ്റന്റിനെ ഓഫിസിൽ നിന്നു വിളിച്ചിറക്കി കൈകാര്യം ചെയ്യേണ്ടി വന്ന അട്ടപ്പാടി ആനക്കല്ല് സ്വദേശിയുടെ കാര്യവും വാര്‍ത്തയാകുകയാണ്. അപേക്ഷ നൽകി രണ്ടു വർഷമായിട്ടും കാര്യം നടക്കാതായപ്പോൾ ഒരു ദിവസം രണ്ടും കൽപിച്ചിറങ്ങി. ബഹളം കേട്ട് ഓഫിസർ ഇടപെട്ടു. ഒരു തടസ്സവും ഇല്ലാതെ അരമണിക്കൂറിൽ നടപടി പൂർത്തിയായി. അസിസ്റ്റന്റിനെ സ്ഥലം മാറ്റി.

പാലക്കയം സ്വദേശി ജോഷി ഏബ്രഹാം മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി വായ്പ എടുക്കാൻ മൂന്നു മാസം മുൻപു നൽകിയ അപേക്ഷയിൽ ഇതുവരെ നടപടി ആയിട്ടില്ല. സുരേഷ് കുമാർ ആവശ്യപ്പെട്ട പണം നൽകാൻ ജോഷി തയാറാകാത്തതാണു കാരണം. പലതവണ ഓഫിസിലെത്തിയപ്പോഴും പിന്നീടു വരാൻ പറഞ്ഞതായി ജോഷി പറഞ്ഞു.

Village Assistant Suresh Kumar Bribe Case

MORE IN KERALA
SHOW MORE