ഇടുക്കി വാഗമണില്‍ ഓഫ് റോഡ‍് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കണമെന്ന് ആവശ്യം ശക്തം.   കാല്‍നടയാത്രികര്‍ക്ക് ഉള്‍പ്പെടെ ജീവന് ഭീഷണിയാകുന്നത് കണക്കിലെടുത്താണ് നാട്ടുകാര്‍ രംഗത്തുവന്നത്.   പരാതിയുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ശക്തമാക്കി.

 

സാഹസിക പ്രേമികള്‍ക്ക് ഹരമെങ്കിലും ചെറു റോഡുകളിലൂടെയുള്ള ഇവയുടെ വേഗം നാട്ടുകാരുടെയുള്ളില്‍ കോരിയിടുന്നത് ഭയമാണ്. ഓഫ് റോഡ് ജീപ്പുകളുടെ എണ്ണം വര്‍ധിച്ചതും സീസണ്‍ സമയത്തെ തിരക്കും കൂടിയയാതോടെ കടിഞ്ഞാണിടണമെന്നായി നാട്ടുകാര്‍ക്ക്.. അമിതമായി ആളുകളെ കയറ്റുന്നുണ്ടെന്നും പരാതിയുണ്ട്. വാഗമണില്‍ നിന്ന് കോട്ടമല, നാരകക്കുഴി വഴി മൂന്ന് മീറ്റര്‍ മാത്രം വീതിയുള്ള റോഡിലൂടെ സാഹസിക യാത്ര നടത്തുമ്പോള്‍ കാല്‍നട പോലും ഭയമെന്ന് നാട്ടുകാര്‍

 

ജീപ്പ് ഉടമകളോട് വേഗം കുറയ്ക്കണമെന്ന് പലആവര്‍ത്തി പറഞ്ഞിട്ടും കേട്ടില്ലെന്നാണ് നാട്ടുകാരുടെ വാദം. ഇതോടെ മുഖ്യമന്ത്രിക്കും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കും പരാതി കൊടുത്തു. പിന്നാലെ മോട്ടോര്‍വാഹന വകുപ്പ് പരിശോധനയാരംഭിച്ചു. പരിശോധനയുണ്ടെന്നറിഞ്ഞാല്‍‌ അത് തീരുംവരെ ജീപ്പുകാര്‍ ആ വഴി വരുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. അതിനാല്‍ സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന.