ആന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ കേസ്; ഒന്നാംപ്രതിക്കായി അന്വേഷണം ഉൗര്‍ജിതം

elephant-death
SHARE

കൊല്ലം പത്തനാപുരം കടശ്ശേരിയില്‍ കൃഷിയിടത്തിൽ ആന വൈദ്യുതാഘാമേറ്റ് ചരിഞ്ഞ കേസില്‍ ഒന്നാംപ്രതിക്കുവേണ്ടിയുളള അന്വേഷണം ഉൗര്‍ജിതമാക്കി. കമ്പിവേലിയിലൂടെ വൈദ്യുതി കടത്തിവിട്ട് ആനയെ കൊന്നതായാണ് വനംവകുപ്പിന്റെ അന്വേഷണത്തില്‍ തെളിഞ്ഞത്.കേസില്‍ രണ്ടു പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. 

കടശ്ശേരി ചെളിക്കുഴി സ്വദേശി ശിവദാസന്റെ കൃഷിയിടത്തിലാണ് കഴിഞ്ഞ പതിനഞ്ചിന് കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞത്. ബോധപൂര്‍വം കാട്ടാനയെ വൈദ്യുതാഘാതമേല്‍പ്പിച്ച് െകാന്നതാണെന്നാണ് വനംവകുപ്പിന്റെ അന്വേഷണത്തില്‍ തെളിഞ്ഞത്. സ്ഥലം ഉടമ ശിവദാസന്റെ ഭാര്യ സുശീല, മകള്‍ സ്മിത എന്നിവരെ വനംവകുപ്പ് അറസ്റ്റ് ചെയ്തെങ്കിലും ഒന്നാംപ്രതിയായ ശിവദാസന്‍ ഒളിവിലാണ്. മൂന്നാഴ്ച മുന്‍പ് ശിവദാസന്റെ കൃഷിയിടത്തില്‍ കാട്ടാന എത്തിയിരുന്നു. ഇതിന് ശേഷമാണ് ശിവദാസനും സുശീലയും ചേര്‍ന്ന് കമ്പിവേലിയിലൂടെ വൈദ്യുതി കടത്തിവിട്ട് ആനയെ അപായപ്പെടുത്താനുളള പ്രവൃത്തി ചെയ്തത്. കാട്ടാനയുടെ തുമ്പികൈയിൽ ഇരുമ്പ് കമ്പി കുരുങ്ങിയതിന്റെയും വൈദ്യുതാഘാതമേറ്റതിന്റെയും അടയാളം ഉണ്ടായിരുന്നു. പോസ്റ്റുമോർട്ടത്തില്‍ വൈദ്യുതാഘാതം സ്ഥിരീകരിച്ചതോടെ പ്രതികളുടെ അറസ്റ്റിലേക്ക് എത്തി.

അറസ്റ്റിലായ സ്മിത ആലപ്പുഴ ചുനക്കര വെറ്ററിനറി ഡിസ്പൻസറിയിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറാണ്. ശിവദാസന്‍ പിടിയിലായാല്‍ മാത്രമേ കൂടുതല്‍ പേരുടെ പങ്ക് പുറത്തുവരികയുളളുവെന്ന് വനംഉദ്യോഗസ്ഥര്‍ അറിയിച്ചു. 

MORE IN KERALA
SHOW MORE