തിരുവനന്തപുരം,കൊല്ലം ഗോഡൗണുകളിലെ തീപിടിത്തം; പന്ത്രണ്ട് കോടിയുടെ മരുന്നും ഉപകരണങ്ങളും നശിച്ചെന്ന് റിപ്പോര്‍ട്ട്

ksmcl
SHARE

തിരുവനന്തപുരം , കൊല്ലം ഗോഡൗണുകളിലെ തീപിടിത്തത്തില്‍ പന്ത്രണ്ട് കോടിയുടെ  മരുന്നും ഉപകരണങ്ങളും നശിച്ചെന്ന് KMSCLന്റെ റിപ്പോര്‍ട്ട്. തീപിടിത്തത്തില്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബ്ളീച്ചിങ് പൗഡറാണ് അപകടമുണ്ടാക്കിയതെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗുണനിലവാരം പരിശോധിക്കും. 

കൊല്ലം തീപിടിത്തത്തില്‍ ഏഴ് കോടി 18 ലക്ഷം രൂപയുടെ ആശുപത്രി സാധനങ്ങളും ഉപകരണങ്ങളും കത്തി നശിച്ചെന്നാണ് കെഎംഎസ് സി എലിന്റെ കണക്ക്. 7000 ലേറെ പി പി ഇ കിറ്റുകളും ബ്ളീച്ചിങ് പൗഡറും ഗ്ളൗസുകളും മരുന്നുകളും  ഉള്‍പ്പെടുന്നു. ആകെ നഷ്ടം 10 കോടിയോളമെന്നാണ് നിഗമനം. എന്നാല്‍ മുഴുവന്‍ സാധനങ്ങളും ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ വരുന്നതാണെന്നും കെ എം എസ് സിഎല്‍ന്റെ റിപ്പോര്‍ട്ടിലുണ്ട്. തിരുവനന്തപുരത്ത് 1 കോടി 22 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 32000 കിലോഗ്രാം ബ്ളീച്ചിങ് പൗഡറാണ് കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്നത്. സര്‍ജിക്കല്‍ സ്പിരിറ്റും  കത്തി നശിച്ച കെട്ടിടത്തില്‍ ഉണ്ടായിരുന്നു. കെട്ടിടം താല്ക്കാലിക ആവശ്യത്തിന് നിര്‍മിച്ചതാണ്. കൂടാതെ 2014ല്‍ കാലാവധി കഴിഞ്ഞ മരുന്നുകളും കെട്ടിടത്തിലെ ഒരു മുറിയില്‍ സൂക്ഷിച്ചിരുന്നു. കാലാവധി കഴിഞ്ഞ മരുന്നുകള്‍ നശിപ്പിക്കാനുളള അനുമതി കാത്താണ് സൂക്ഷിച്ചിരുന്നത്. നഷ്ടക്കണക്കുകളും സൂക്ഷിരുന്ന വസ്തുക്കളുടെ വിവരവും ഉള്‍പ്പെടുന്ന വിശദമായ റിപ്പോര്‍ട്ട് കെഎംഎസ് സിഎല്‍ എംഡി ആരോഗ്യവകുപ്പിനു കൈമാറി.  പത്തനംതിട്ട, ആലപ്പുഴ, എറണാകുളം , തൃശൂര്‍ എന്നിവിടങ്ങളിലെ ഗോഡൗണുകളില്‍ ഗുരുതര വീഴ്ചകളുണ്ടെന്ന് ഫയര്‍ഫോഴ്സിന്‍റെ പരിശോധനയില്‍ കണ്ടെത്തി. 

കോവിഡ് കാലത്തെ അഴിമതി ആരോപണങ്ങളില്‍ അന്വേഷണം അവസാന ഘട്ടത്തിലാണ്. കേസിലെ തെളിവായ അന്ന് അമിതവിലയ്ക്ക് വാങ്ങിയ ഗ്ളൗസുകളും പിപിഇ കിറ്റുകളും കത്തിയവയുടെ കൂട്ടത്തിലുളളതായി ആരോപണമുണ്ട്. മുന്‍മന്ത്രി കെ കെ ശൈലജ ഉള്‍പ്പെടെ ആരോപണവിധേയരായ കേസില്‍ ലോകായുക്തയില്‍  ജൂണില്‍ വാദം തുടങ്ങാനിരിയ്ക്കെ തീപിടിത്തം ഉണ്ടായതാണ് ആക്ഷേപത്തിന് കാരണം. 

KMSCL's report that drugs and equipment worth twelve crores were destroyed in the fire in Thiruvananthapuram and Kollam warehouses.

MORE IN KERALA
SHOW MORE