കൈക്കൂലിക്കേസ് പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഡിവൈ.എസ്.പിക്ക് സസ്പെന്‍ഷന്‍

velayudhansuspension
SHARE

കൈക്കൂലിക്കേസ് ഒതുക്കാന്‍ പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിജിലന്‍സ് ഡിവൈ.എസ്.പി വേലായുധന്‍ നായര്‍ക്ക് സസ്പെന്‍ഷന്‍. അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് കേസെടുത്തതോടെയാണ് നടപടി. കേസിന് പിന്നാലെ ഒളിവില്‍ പോയ വേലായുധന്‍ നായരെ ഇതുവരെ പിടികൂടിയിട്ടില്ല.

കൈക്കൂലി കേസ് ഒതുക്കാന്‍ പ്രതിയില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി കൈക്കൂലി വാങ്ങുക. പിന്നീട് വിജിലന്‍സ് തന്നെ കണ്ടെത്തി പ്രതിയാക്കുക. അറസ്റ്റിലാകുമെന്നായപ്പോള്‍ ഒളിവില്‍ പോവുക. ഇത്തരത്തില്‍ വിചിത്രവും ആഭ്യന്തരവകുപ്പിനാകെ നാണക്കേടാകുന്നതുമാണ് വേലായുധന്‍ നായരുടെ ചരിത്രം. തിരുവല്ല മുനിസിപ്പല്‍ സെക്രട്ടറി നാരായണന്‍ സ്റ്റാലിനും സഹപ്രവര്‍ത്തകയും കൈക്കൂലി വാങ്ങിയ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു വേലായുധന്‍ നായര്‍. അന്വേഷണത്തിന് ഒടുവില്‍ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് കാണിച്ച് റിപ്പോര്‍ട്ട് നല്‍കി കേസ് അവസാനിപ്പിച്ചു. എന്നാല്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ നാരായണന്‍ നായരുടെ അക്കൗണ്ടില്‍ നിന്ന് അമ്പതിനായിരം രൂപ വേലായുധന്‍ നായരുടെ മകന്റെ അക്കൗണ്ടിലേക്ക് എത്തിയതായി വിജിലന്‍സിന് തെളിവ് ലഭിച്ചു. ഇത് കേസില്‍ നിന്ന് രക്ഷപെടുത്താനുള്ള കൈക്കൂലിയാണെന്ന് തെളിവ് ലഭിച്ചതോടെയാണ് വിജിലന്‍സ് വേലായുധന്‍ നായര്‍ക്കെതിരെ കേസെടുത്തത്. തൊട്ടുപിന്നാലെ വിജിലന്‍സ് സംഘം ഇദേഹത്തിന്റ കഴക്കൂട്ടത്തെ വീട്ടില്‍ പരിശോധന നടത്തി. പരിശോധനക്ക് ഒടുവില്‍ അറസ്റ്റിലേക്ക് കടക്കുമെന്ന ഘട്ടമായപ്പോള്‍ വേലായുധന്‍ നായര്‍ മുങ്ങുകയും ചെയ്തു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം നല്‍കിയ ശുപാര്‍ശ പ്രകാരമാണ് സസ്പെന്ഡ് ചെയ്ത് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്.

MORE IN KERALA
SHOW MORE