കിണര്‍ നിര്‍മാണത്തിനിറങ്ങി ഒരുകൂട്ടം അമ്മമാര്‍; ഇതുവരെ കുഴിച്ചത് 42 കിണറുകൾ

ഒരുകാലത്ത് പുരുഷന്മാർ കുത്തകയാക്കി വച്ചിരുന്ന കിണര്‍ നിര്‍മാണമേഖലയില്‍ കരുത്ത് തെളിയിക്കുകയാണ് ഒരുകൂട്ടം സ്ത്രീകള്‍. തൊടുപുഴ കോടിക്കുളം പഞ്ചായത്ത് നാലാം വാർഡിൽ പെൺ കരുത്തിൽ നിർമിച്ചത് 42 കിണറുകൾ. ഈ മേഖലയിൽ പുതു ചരിത്രം രചിക്കുകയാണ് കൊടുവേലിയിലെ തൊഴിലുറപ്പു തൊഴിലാളികളായ ഈ അമ്മമാർ. വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള 12 പേർ അടങ്ങുന്ന തൊഴിലാളികളിൽ 6 പേർ വീതം അടങ്ങുന്ന 2 ടീമുകളായാണ് ഇവർ കിണർ നിർമാണം നടത്തുന്നത്.

മണ്ണിന്റെ ഘടന അനുസരിച്ചു ദിവസവും ഒരു കോൽ മുതൽ 2 കോൽ വരെ താഴ്ചയിൽ മണ്ണെടുക്കും. രണ്ടര മീറ്റർ ആണ് വ്യാസം. 7 കോൽ മുതൽ 13 അര കോൽ വരെ ആഴമുള്ള കിണറുകൾ ഇവർ ഇതിനോടകം നിർമിച്ചിട്ടുണ്ട്. എല്ലാ പ്രവർത്തനങ്ങളും ഇവർ തന്നെ ആണ് ചെയ്യുന്നത്. ചില കിണറുകളിൽ പാറ കാണുകയാണെങ്കിൽ അത് പൊട്ടിക്കുന്നതിനായി ഉടമയുടെ സഹായം തേടും. രാവിലെ 8 .30 മുതൽ 5 വരെ ആണ് ജോലി സമയം. ഒരാൾക്ക് 311 രൂപ ആണ് വേതനമായി ലഭിക്കുക.

വേതനം അല്ല, കുഴിക്കുന്ന കിണറുകളിൽ നിന്ന് വെള്ളം ലഭിക്കുന്നതാണ് ഏറെ സന്തോഷം നൽകുന്നതെന്നും എല്ലാവരുടെയും ഭാഗത്തു നിന്നും നല്ല സഹകരണമാണ് ലഭിക്കുന്നതെന്നും ഈ അമ്മമാർ പറയുന്നു. ഷീബ തങ്കച്ചൻ, ലിസി ടോമി, മിനി ബിജു, ഡോളി ഷിജു, ലിസി ഫ്രാൻസിസ്, ലിസി ജോജോ എന്നിവരടങ്ങുന്ന തൊഴിലാളികൾ ആണ് കിണർ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. വേനൽ കടുത്തതോടെ കിണർ നിർമിക്കാൻ ആവശ്യക്കാർ ഏറി വരുന്നതായി ഇവർ പറയുന്നു. കിണറുകൾക്കു പുറമേ മത്സ്യ കുളങ്ങൾ, വൃക്ഷങ്ങൾ നടുന്നതിനുള്ള കുഴികൾ എല്ലാം ഇവർ നിർമിച്ചു നൽകുന്നുണ്ട്.

Enter AMP Embedded Script