
വണ്ടി കയറ്റിയപ്പോള്‍ അവിടെ ഇങ്ങനെയൊരു മതിലുണ്ടായിരുന്നില്ല. ഇറക്കാന്‍ നോക്കിയപ്പോഴാണ് പറ്റിയ അമളി മനസ്സിലാകുന്നത്. സിനിമയിലെ കോമഡി രംഗങ്ങളെ നാണിപ്പിക്കും വിധമാണ് പയ്യന്നൂർ ഗവ.താലൂക്ക് ആശുപത്രിയില്‍ ഒരു മതില്‍ കെട്ടിവച്ചിരിക്കുന്നത്. സർക്കാർ വാഹനമാണ് ചുറ്റും മതിൽ കെട്ടി പുറത്തിറക്കാൻ കഴിയാതെ അകത്താക്കിയിരിക്കുന്നത്. ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് വലിയ ചുറ്റുമതിൽ നിർമിക്കുമ്പോഴാണ് വാഹനം കയറ്റിയ വഴിയും മതിൽ കെട്ടിയടച്ചത്.
സർക്കാർ നിയന്ത്രണത്തിലുള്ള കേരള ഹെൽത്ത് റിസർച്ച് വെൽഫെയർ സൊസൈറ്റിയുടെ കണ്ണൂർ റീജനൽ മാനേജരുടെ കാര്യാലയത്തിനു മുന്നിൽ നിർത്തിയിട്ട വാഹനമാണു പുറത്തിറക്കാൻ കഴിയാത്ത വിധം മതിൽ കെട്ടിയത്. കോവിഡ് കാലത്തെ സേവനത്തിനാണ് ആരോഗ്യ വകുപ്പിന്റെ കെഎൽ 01 എബി 5038 വാഹനം കൊണ്ടു വന്നത്. 2018ൽ ഫിറ്റ്നസ് കഴിഞ്ഞ വാഹനമായിരുന്നു ഇത്. 19 വർഷം പഴക്കമുണ്ട്. അതുകൊണ്ട് കോവിഡിനു ശേഷം വാഹനം പുറത്തിറക്കിയില്ല. ലേലം ചെയ്തു വിൽക്കാനുള്ള നടപടിയും എങ്ങുമെത്തിയില്ല. ഈ സാഹചര്യത്തിലാണു വാഹനം ഇവിടെ കിടന്നു പോയത്.
അതിഥി തൊഴിലാളികൾ മതിൽ നിർമിക്കുമ്പോൾ വാഹനം പുറത്തേക്കെടുക്കാനുള്ള വഴിയൊരുക്കിയില്ല. പകരം ബൈക്കിനു കടന്നു പോകാനുള്ള വഴി മറ്റൊരു ഭാഗത്തു സജ്ജമാക്കി. വാഹനം പുറത്തിറക്കുന്നതെങ്ങനെ എന്ന ചോദ്യം പരിസരവാസികൾ ഉയർത്തിയപ്പോഴാണ് അമളി പറ്റിയത് അറിയുന്നത്. മതിൽ സിമന്റ് തേച്ചു പൂർത്തിയാക്കിയതിനാൽ പൊളിച്ചു മാറ്റാനും പറ്റില്ല. ബന്ധപ്പെട്ടവർ ഇപ്പോൾ ഉത്തരം കണ്ടെത്തിയിട്ടുണ്ട്.
വാഹനം ഓടിച്ചു കൊണ്ടുപോകാനുള്ളതല്ല. പൊളിച്ചു കൊണ്ടു പോകേണ്ടതാണ്. അതുകൊണ്ടാണു മതിൽ കെട്ടിയത്! വാഹനം പൊളിക്കണമെങ്കിൽ വർക്ക്ഷോപ്പിൽ എത്തണം. അതിന് വാഹനം പുറത്തേക്കെടുത്തേ തീരൂ. എന്തായാലും മതിൽക്കകത്തായ വാഹനവും അതിന് വഴിയൊരുക്കിയ ആരോഗ്യ വകുപ്പും ട്രോളർമാർക്കു കൊയ്ത്തായി മാറി.