ആലപ്പുഴയെ നെഞ്ചിലേറ്റിയ കലക്ടര്‍; മടക്കം കോവിഡില്‍ അനാഥരായ കുരുന്നുകള്‍ക്ക് വീടൊരുക്കുന്ന കരാറില്‍ ഒപ്പിട്ട്

collectorwb
SHARE

  7 മാസം ആലപ്പുഴ ജില്ലയെ നെ‍‍ഞ്ചോട് ചേർത്തു പിടിച്ച ജനകീയ കലക്ടർ കൃഷ്ണതേജ സ്ഥാനം ഒഴിഞ്ഞത് കോവിഡിൽ രക്ഷിതാക്കൾ നഷ്ടപ്പെട്ട 6 കുരുന്നുകൾക്ക് വീടൊരുക്കാനുള്ള കരാറിൽ ഒപ്പിട്ട്. കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ 6 കുട്ടികളും പങ്കെടുത്തു. 6 മാസത്തിനുള്ളിൽ വീട് നിർമിച്ച് നൽകുമെന്ന് കുട്ടികൾക്ക് കലക്ടർ ഉറപ്പുനൽകി. രക്ഷിതാക്കളിൽ ആരെങ്കിലും നഷ്ടപ്പെട്ട ഏറെ ദുരിതം അനുഭവിക്കുന്ന കുട്ടികളെ ‘വി ആർ ഫോർ ആലപ്പി’ പദ്ധതിയിലൂടെയാണ്  കലക്ടർ കണ്ടത്തിയത്. മണപ്പുറം ഫൗണ്ടേഷന്റെ സഹായത്തോടെയാണ് വീടൊരുക്കുക. ‘വി ആർ ഫോർ ആലപ്പി’ കോ–ഓർഡിനേറ്റർ ടെക്ജൻഷ്യ സിഇഒ ജോയ് സെബാസ്റ്റ്യൻ, അമൃത സെബാസ്റ്റ്യൻ, ജോൺ ജോസഫ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. 

ചായ വിതരണം ചെയ്യുന്ന പിതാവിനു കൂട്ടുവന്ന അഞ്ചാം ക്ലാസ് വിദ്യാർഥിക്ക്, തനിക്കു ലഭിച്ച സ്വീറ്റ്സ് ബോക്സ് കലക്ടർ കൈമാറി. ഇന്നലെ കലക്ടറെ കണ്ട് ഉപഹാരങ്ങൾ സമ്മാനിക്കാനും ആശംസകൾ നേരാനും കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെ ഒട്ടേറെപ്പേരെത്തി.സബ് കലക്ടറായും കലക്ടറായും ആദ്യം ജോലി ചെയ്ത ആലപ്പുഴ തന്റെ ജന്മനാടാണെന്ന് സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച യോഗത്തിലെ മറുപടി പ്രസംഗത്തിൽ കലക്ടർ പറഞ്ഞപ്പോൾ കരഘോഷമുയർന്നു. വൈകിട്ട് 4.30ന് പുറപ്പെടാനിരുന്ന കലക്ടർ കലക്ടറേറ്റിന്റെ പടിയിറങ്ങുമ്പോൾ 6 മണിയായി. എഡിഎം എസ്.സന്തോഷ് കുമാറിനു മധുരം നൽകി അധികാരം കൈമാറി. ജില്ലയുടെ 56–ാമത് കലക്ടറായി ഹരിത വി. കുമാർ 23ന് ചുമതലയേൽക്കും.

MORE IN KERALA
SHOW MORE