
മാലിന്യ സംസ്കരണം കാര്യക്ഷമമാക്കാന്‍ ഉറവിടമാലിന്യസംസ്കരണം വ്യാപിപ്പിക്കുമെന്ന് കോഴിക്കോട് കോര്‍പറേഷന്‍. പുതിയ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണിത് നടപ്പാക്കുന്നത്. കേന്ദ്രീകൃത മാലിന്യസംസ്കരണം മൂലമുണ്ടാകുന്ന അത്യാഹിതങ്ങള്‍ കുറയ്ക്കാനാണ് ശ്രമം.
ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രീകൃത മാലിന്യസംസ്കരണത്തിന് ബദല്‍ സംവിധാനമൊരുക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചത്. അടുത്തവര്‍ഷം മുതല്‍ മാലിന്യ നിര്‍മാര്‍ജനം വീടുകളില്‍ തന്നെ നടപ്പാക്കുകയാണ് പദ്ധതി. ഇതിനായി വീടുകളില്‍ നിന്ന് കുടുംബശ്രീ മുഖാന്തരം ജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്നത് അവസാനിപ്പിക്കും. പകരം മാലിന്യ സംസ്കരണത്തിനായുള്ള സംവിധാനം വീടുകളില്‍ ഏര്‍പ്പെടുത്തും. ഘട്ടം ഘട്ടമായി ഉടന്‍ തന്നെ പദ്ധതിയ്ക്ക് തുടക്കം കുറിക്കുമെന്ന് കോര്‍പറേഷന്‍.
എന്നാല്‍ ഉറവിടമാലിന്യ സംസ്കരണ പദ്ധതി ഫലപ്രദമല്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പദ്ധതി നടപ്പാക്കുന്നതിലൂടെ കോര്‍പറേഷന്‍ നിയോഗിച്ച മാലിന്യശേഖരണ തൊഴിലാളികള്‍ പ്രതിസന്ധിയിലാകുമെന്നും പ്രതിപക്ഷ നേതാവ്. അതേസമയം പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കൗണ്‍സില്‍യോഗം തീരുമാനിച്ചു.