chicken

 കോഴിയിറച്ചി വില നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് കൂടുതല്‍ ഫാമുകള്‍ തുടങ്ങുന്ന വിപുലമായ പദ്ധതിക്ക് രൂപം നല്‍കിയതായി മന്ത്രി ജെ ചിഞ്ചുറാണി. കുടുംബശ്രീ മിഷന്‍ ഉള്‍പ്പെടെയുളളവരെ പങ്കെടുപ്പിച്ച് അറുപത്തിയഞ്ച് കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുക. 

 

ഇതരസംസ്ഥാന ലോബി നിയന്ത്രിക്കുന്ന കേരളത്തിലെ ഇറച്ചിക്കോഴി വിപണിയില്‍ കാര്യമായ ഇടപെടല്‍ നടത്താനാണ് സര്‍ക്കാരിന്റെ പുതിയ പദ്ധതി. ഇതിനായി 65.82 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുക. കെപ്കോ, മീറ്റ് പ്രൊ‍ഡക്ട് ഒാഫ് ഇന്ത്യ, കുടുംബശ്രീ മിഷന്‍, വയനാട്ടിലെ ബ്രഹ്മഗിരി എന്നിവയുടെ സഹകരണത്തോടെ സംസ്ഥാനത്ത് ആയിരത്തിലധികം കോഴിഫാമുകള്‍ തുടങ്ങും. ഏറ്റവും കുറഞ്ഞ വിലയില്‍ കോഴിയിറച്ചി ലഭ്യമാക്കുന്ന വില്‍പ്പനശാലകള്‍, ഇറച്ചി സംസ്കരണ പ്ലാൻ്റുകൾ, കോഴിഅവശിഷ്ടങ്ങൾ മൂല്യവർധിത ഉല്പന്നങ്ങളാക്കുന്ന യൂണിറ്റുകൾ, ബ്രോയ്്ലര്‍ ബ്രീഡിങ് ഫാമുകൾ എന്നിവയും ഉണ്ടാകും.

 

എല്ലാ ജില്ലകളിലും കോഴിഫാമുകളും വില്‍പ്പനശാലകളും തുടങ്ങുന്നതോടെ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഇറച്ചിക്കോഴികളെ എത്തിക്കുന്നത് നിയന്ത്രിക്കാനാകുമെന്നാണ് വിലയിരുത്തല്‍. പദ്ധതിക്ക് നബാര്‍ഡിന്റെ ധനസഹായവും ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.