
കണ്ണൂര്‍ മാനന്തേരിയില്‍ കൂത്തുപറമ്പ് സർക്കിൾ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ വീടിന്റെ അടുക്കളത്തോട്ടത്തിൽ വളർത്തിയ കഞ്ചാവ് ചെടികൾ കണ്ടെത്തി. കൈതേരി ലക്ഷംവീട് കോളനിയിലെ വീടിന്റെ അടുക്കള തോട്ടത്തിൽ നിന്നാണ് 3 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. കൈതേരി കപ്പണ സ്വദേശി പി.വി.സിജിഷിനെതിരെ കേസെടുത്തു.
കൂത്തുപറമ്പ് സർക്കിൾ എക്‌സൈസ് ഇൻസ്‌പെക്ടറുടെ ചുമതല വഹിക്കുന്ന പിണറായി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ സുബിൻരാജും സംഘവും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. 84 സെന്റിമീറ്റർ, 65 സെന്റിമീറ്റർ, 51 സെന്റിമീറ്റർ വീതം നീളമുള്ള ചെടികളാണ് പിടികൂടിയത്. സിജിഷ് സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.
കൂത്തുപറമ്പ്, മാനന്തവാടി പൊലീസ് സ്റ്റേഷനുകളിലെ മുൻ കഞ്ചാവ് കേസുകളിലെ പ്രതിയാണ് സിജിഷെന്ന് എക്‌സൈസ് സംഘം പറഞ്ഞു. പ്രിവന്റീവ് ഓഫിസർ സുകേഷ് കുമാർ വണ്ടിച്ചാലിൽ, കെ.വി.റാഫി, സിവിൽ എക്‌സൈസ് ഓഫിസർമാരായ പ്രജീഷ് കോട്ടായി, എൻ.സി.വിഷ്ണു, സി.ജിജീഷ്, സി.കെ.സജേഷ്, കെ.പി.ഷീബ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.