
ബ്രഹ്മപുരം മാലിന്യ കേന്ദ്രത്തിലെ തീയണയ്ക്കാനെത്തിയ മണ്ണുമാന്തി യന്ത്രങ്ങളുടെ ഓപ്പറേറ്റര്‍മാര്‍ക്ക് വാഗ്ദാനം ചെയ്ത കൂലി നല്‍കിയില്ലെന്ന് ആക്ഷേപം. പ്രതിദിനം സാധാരണ കൂലിയിലും കുറച്ച് നിശ്ചിത തുകമാത്രമാണ് നല്‍കിയത്. തീയണച്ചശേഷം അടിയന്തിരാവശ്യങ്ങള്‍ക്കായി നിലനിര്‍ത്തിയ അഞ്ച് വാഹനങ്ങളുടെ ഓപ്പറേറ്റര്‍മാരുടെ കൂലിയുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്ത തുടരുകയാണ്.
ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ പന്ത്രണ്ടുദിവസം നീണ്ട തീപിടിത്തം നിയന്ത്രിക്കാന്‍ അഗ്നിശമന സേനയ്ക്കൊപ്പംനിന്നവരാണ് മണ്ണുമാന്ത്രി യന്ത്രങ്ങളുടെ ഓപ്പറേറ്റര്‍മാര്‍. ദുരന്തനിവാരണ നിയമപ്രകാരം പിടിച്ചെടുത്ത യന്ത്രങ്ങളുടെ ഓപ്പറേറ്റര്‍മാര്‍ക്ക് പറഞ്ഞ ബാറ്റ തുക നല്‍കിയില്ലെന്നാണ് ആരോപണം. രാവും പകലും പണിയെടുത്ത എല്ലാവര്‍ക്കും 1500 രൂപമാത്രമാണ് പ്രതിദിനം നല്‍കിയത്. തീയണച്ചെങ്കിലും അടിയന്തിര ആവശ്യങ്ങള്‍ക്കായി നിലനിര്‍ത്തിയ അഞ്ച് വാഹനങ്ങളുടെ ഓപ്പറേറ്റര്‍മാരുടെ ബാറ്റയുടെ കാര്യത്തില്‍ കൃത്യമായ മറുപടിയില്ല. ഇന്നലെ മുതല്‍ താമസച്ചെലവ് നല്‍കില്ലായെന്നും കൊച്ചി കോര്‍പറേഷന്‍ അറിയിച്ചു.
ഓപ്പറേറ്റര്‍മാരുടെ പരാതി ജില്ലാ ഫയര്‍ ഓഫിസര്‍ കോര്‍പറേഷനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെ കൊച്ചി കാണ്ട് ബ്രീത്ത് എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ അഗ്നിശമനസേനയെയും, മണ്ണുമാന്തി യന്ത്രങ്ങളുടെ ഓപ്പറേറ്റര്‍മാരെയും ആദരിച്ചു.