അങ്ങനങ്ങു പറക്കാൻ വരട്ടെ ജോസേ... എല്ലാം കാണുന്ന ഒരാൾ ഇവിടുണ്ടല്ലോ !!

crime-07
SHARE

മോഷ്ടിച്ച ബൈക്കിൽ പൊലീസിനെ വെട്ടിച്ചു ചീറിപ്പാഞ്ഞ പുത്തൻകുരിശ് ജോസ് (64) അറിഞ്ഞില്ല, എല്ലാം കാണുന്ന ഒരാൾ മുകളിലുണ്ടെന്ന്. നഗരത്തിലെ പൊലീസിന്റെ നിരീക്ഷണ ക്യാമറ പണി തുടങ്ങിയപ്പോൾ ആദ്യം ‘പണികിട്ടിയതും’ ജോസിനാണ്.രണ്ടാഴ്ച മുൻപു മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രി വളപ്പിൽ പാർക്ക് ചെയ്ത ജീവനക്കാരിയുടെ സ്കൂട്ടർ മോഷണം പോയി. 

ജീവനക്കാരി ഉടൻതന്നെ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. പൊലീസ് വിവരം കൺട്രോൾ റൂമിലേക്കു കൈമാറി. മോഷ്ടാവ് രക്ഷപ്പെടാൻ സാധ്യതയുള്ള മേഖലകൾ കേന്ദ്രീകരിച്ച് ഉടൻ അന്വേഷണം തുടങ്ങി. ഇതറിയാവുന്ന ജോസ് മോഷണ വാഹനവുമായി ഇടവഴികളിലൂടെ കയറി പൊലീസിനെ കബളിപ്പിച്ച് ഏറ്റുമാനൂരിലെത്തി. എന്നാൽ ഇയാളുടെ വിഡിയോ ദൃശ്യം ഏറ്റുമാനൂർ – വൈക്കം റോഡിലെ ക്യാമറയിൽ പതിഞ്ഞു. ആളെ തിരിച്ചറിഞ്ഞ പൊലീസ് കോട്ടയം ഭാഗത്തേക്കു രക്ഷപ്പെടാൻ ശ്രമിച്ച ജോസിനെ മണിക്കൂറുകൾക്കകം പിടികൂടി. സ്ഥലത്തെ പ്രധാന വാഹന മോഷണക്കേസുകളിലെ പ്രതിയാണു ജോസെന്നു പൊലീസ് പറഞ്ഞു.

രണ്ടാഴ്ച മുൻപാണ് 50 ലക്ഷം ചെലവിട്ടു ക്യാമറകൾ സ്ഥാപിച്ചത്. 46 നിരീക്ഷണ ക്യാമറകളിൽ 19 എണ്ണം സ്ഥാപിച്ചു. ബാക്കിയുള്ളവയുടെ നിർമാണ ജോലികൾ അവസാന ഘട്ടത്തിലാണ്.ഏറ്റുമാനൂർ പൊലീസ് സ്റ്റേഷന്റെ ഒന്നാം നിലയിലാണു‌ ദൃശ്യങ്ങൾ നിരീക്ഷിക്കുന്നത്. ബൈപാസ് റോഡ്, എംസി റോഡ്, കോവി‍ൽപാടം, പാറേക്കണ്ടം, പേരൂർക്കവല, പടിഞ്ഞാറേനട ക്ഷേത്ര പരിസരം, മാർക്കറ്റുകൾ, കെഎസ്ആർടിസി– പ്രൈവറ്റ് സ്റ്റാൻഡുകൾ, അലങ്കാര ഗോപുരങ്ങൾ, ഗോപുര നടകൾ, ക്ഷേത്ര മൈതാനം എന്നിവിടങ്ങളിലാണു ക്യാമറകളുള്ളത്.

MORE IN KERALA
SHOW MORE