
ഇടുക്കി ഇരട്ടയാറിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനുള്ള സ്ഥലം പരിശോധിക്കുന്നതിനിടെ വനപാലകരും നാട്ടുകാരും നിന്നയിടത്ത് കടുവയെന്ന് സംശയിക്കുന്ന വന്യജീവിയെ കണ്ടെന്ന് നാട്ടുകാർ. ഇരട്ടയാർ അടയാളക്കല്ല് ക്ഷേത്രത്തിനു സമീപത്തെ പാറയിടുക്കിലാണ് ജീവിയെ കണ്ടത്.
തൊട്ടടുത്തുള്ള വീട്ടിലെ പോത്തിനെ ലക്ഷ്യമിട്ട് എത്തിയതാണെന്നാണ് നാട്ടുകാരുടെ അനുമാനം. അടയാളക്കല്ല് ക്ഷേത്രത്തിനു സമീപത്തെ വെച്ചൂർ ഹരികൃഷ്ണന്റെ വീടിനോട് ചേർന്നാണ് കടുവയെന്ന് തോന്നിപ്പിക്കുന്ന ജീവിയെ നാട്ടുകാർ കണ്ടത്. ഹരികൃഷ്ണൻറെ വീടിനു സമീപത്ത് ഇതിനു മുൻപും വന്യജീവി എത്തിയിരുന്നു. അന്ന് ജീവിയെ കണ്ട ഹരികൃഷ്ണൻ ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടിലെ പോത്തിനെ ലക്ഷ്യമിട്ടാണ് വീണ്ടും വന്യമൃഗം എത്തിയത് എന്നാണ് നാട്ടുകാരുടെ അനുമാനം.
വീടിനോട് ചേർന്ന് ക്യാമറകൾ സ്ഥാപിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് മൃഗം വീണ്ടും എത്തിയത്. അടയാളക്കല്ലിന് താഴ്ഭാഗത്തുള്ള കൊച്ചു കാമാക്ഷിയിൽ നിന്ന നാട്ടുകാരാണ് പാറയ്ക്ക് മുകളിലൂടെ ഓടുന്ന ജീവിയെ കണ്ടതായി അവകാശപ്പെട്ടത്.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വന്യജീവിയെ കണ്ട സ്ഥലത്ത് വനപാലകർ പരിശോധന നടത്തിയെങ്കിലും കാൽപ്പാടുകൾ ഒന്നും കണ്ടെത്താനായില്ല.
തുടർന്ന്, വനപാലകസംഘം ക്യാമറകൾ സ്ഥാപിച്ചു മടങ്ങി.
ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ പരിശോധിച്ചു രണ്ടുദിവസത്തിനകം ആയിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഭീതി പരത്തുന്നത് കടുവ തന്നെയാണോ എന്ന് പൂർണമായും സ്ഥിരീകരിക്കുക. ലഭിച്ച കാൽപ്പാടുകളുടെ അളവ് പരിശോധിച്ചപ്പോൾ കടുവയാകാൻ സാധ്യത ഇല്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്.
കടുവയുടെ കാൽപ്പാടിനോളം വലിപ്പം ഇരട്ടയാറിൽ കണ്ട കാൽപ്പാടുകൾക്ക് ഇല്ല എന്നതാണ് ഈ നിഗമനത്തിലേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരെ എത്തിച്ചത്. അതേസമയം, ആളുകൾ രാത്രികളിൽ പുറത്തിറങ്ങുമ്പോൾ അതീവ ജാഗ്രത വേണം എന്നാണ് വനപാലകർ നൽകിയ നിർദ്ദേശം.