kundayithodenew

കോഴിക്കോട് കുണ്ടായിത്തോട്ടിലെ അനധികൃത മാലിന്യ സംഭരണകേന്ദ്രത്തിനെതിരെ നടപടിയെടുക്കണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് കാറ്റില്‍പറത്തി കോര്‍പറേഷന്‍. രണ്ടുവര്‍ഷം മുമ്പ് തീപിടിത്തുമുണ്ടായപ്പോഴായിരുന്നു മുന്നറിയിപ്പ്. മാലിന്യം ഇരട്ടിയായി കുമിഞ്ഞുകൂടിയ ഇവിടം ഏതുനിമിഷവും തീപിടിക്കാവുന്ന അവസ്ഥയിലാണ്.  

 

2020 ഡിസംബറിലായിരുന്നു തീപിടിത്തം. കുടുംബശ്രീയൂണിറ്റുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് കയറ്റിയയക്കുന്ന സ്വകാര്യവ്യക്തിയുടെ സംഭരണകേന്ദ്രമായിരുന്നു ഇത്. തീപിടുത്തമുണ്ടായ ശേഷമാണ് കോര്‍പറേഷന്റെ അനുമതി പോലുമില്ലാതെയാണ് ഇവിടം പ്രവര്‍ത്തിച്ചിരുന്നതെന്ന് വ്യക്തമായത്. ദുരന്തനിവാരണ അതോറിറ്റി നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിപ്പുകാരനെതിരെ കേസെടുത്തെങ്കിലും നടപടിയുണ്ടായില്ല. മുഴുവന്‍ മാലിന്യങ്ങളും എത്രയും വേഗം നീക്കണമെന്ന് കോര്‍പറേഷന് ജില്ലഭരണകൂടം നല്‍കിയ നിര്‍ദേശവും നടപ്പായില്ല.

 

ഞെളിയന്‍പറമ്പില്‍ കര്‍ശന സുരക്ഷ ഒരുക്കുമ്പോഴും കുണ്ടായിത്തോട്ടിലെ അപകടസ്ഥിതി കോര്‍പറേഷന്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. സംഭരണകേന്ദ്രത്തിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധത്തിനിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.