എക്സ്റേയിൽ മറുപടി പറയേണ്ടത് ആശുപത്രി അധികൃതർ ; എം.എൽ.എയുടേത് വിവരമില്ലായ്മ; കെ.കെ രമ

rema1
SHARE

നിയമസഭയിൽ മാർച്ച് 15ന് നടന്ന പ്രതിപക്ഷ പ്രതിഷേധത്തിനിടെയുണ്ടായ പിടിവലിയെ തുടർന്ന് കെ.കെ രമ എംഎൽഎയുടെ കൈക്ക് പ്ലാസ്റ്ററിടേണ്ടി വന്നിരുന്നു. സഭയ്ക്കുള്ളിലെ  പ്രതിഷേധത്തിനപ്പുറം സൈബർ ലോകത്ത് കെ.കെ രമയെ 'ബ്ലോക്ക് വിപ്ലവകാരി'യെന്നും ഷാഫി പറമ്പിലാണ് പ്ലാസ്റ്റർ ചുറ്റി നൽകിയതെന്നുമടക്കം പ്രചാരണങ്ങളും ട്രോളുകളും നിറഞ്ഞു. അധിക്ഷേപങ്ങളെയും ആക്ഷേപങ്ങളെയും കുറിച്ച് കെ. കെ രമ മനോരമ ന്യൂസ്.കോമിനോട് സംസാരിക്കുന്നു.

'നിയമസഭയിലെ ഡോക്ടർമാരാണ് ആദ്യം പരിശോധിച്ചത്. അവരാണ് സ്ലിങ്ങിട്ട് ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തത്. കയ്യുടെ ലിഗമെന്റിന് പ്രശ്നമുള്ളതിനാൽ പ്ലാസ്റ്ററിടാൻ ഓർത്തോ ഡോക്ടറാണ് നിർദേശിച്ചത്.. നീരുവന്ന് കയ്യും ശരീരവും അനക്കാൻ വയ്യാത്ത സ്ഥിതിയിലാണ് ഇപ്പോഴും. പ്ലാസ്റ്റർ ചുറ്റിവരിഞ്ഞ് കൈ അനക്കാൻ വയ്യാതെ തൂക്കിയിടുന്നത് സുഖമുള്ള ഏർപ്പാട് ആണെന്ന് കരുതുന്നവരാണ് വ്യാജ പ്രചാരണത്തിന് പിന്നിൽ. വികൃതവും നികൃഷ്ടവുമായ മനസുള്ളവർക്കേ അതിന് കഴിയൂ. 

കൈയ്ക്ക് പ്രശ്നമില്ലെങ്കിൽ വെറുതേ പ്ലാസ്റ്ററിടാൻ ഡോക്ടർ പറയുമോ? സർക്കാർ ആശുപത്രികൾ വെറുതേ കയറി ചെല്ലുന്നവർക്ക് പ്ലാസ്റ്ററിടാൻ ഇരിക്കുകയാണോ? 'രമ ചോദിക്കുന്നു.

പ്രതിക്കൂട്ടിൽ സർക്കാരാണ്

എക്സ്റേയുടെ ചിത്രം പ്രചരിക്കുന്നതായി പറഞ്ഞു കേട്ടു.  രോഗിയുടെ ചികിത്സാ വിവരങ്ങൾ പുറത്തുള്ളവർക്ക് ലഭിക്കുന്നതെങ്ങനെയാണ്? വ്യക്തിയുടെ ചികിത്സാ വിവരങ്ങൾ ആർക്കും കൈക്കലാക്കാൻ സാധിക്കുന്ന  രീതിയിലാണോ സംസ്ഥാനത്തെ ആരോഗ്യ സംവിധാനം പ്രവർത്തിക്കുന്നത്? ആശുപത്രി അധികൃതരാണ് മറുപടി പറയേണ്ടത്.  എല്ലിന് പൊട്ടലുണ്ടെന്ന് ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. 

എം.എൽ.എയുടേത് വിവരമില്ലായ്മ

ഭരണപക്ഷ എംഎൽഎ 'ഇൻ ഗോസ്റ്റ് ഹൗസ്' സിനിമയിലെ ഇടതു കൈയിലെ തിരുമുറിവ് വലതു കയ്യിലേക്ക് മാറുന്ന സീനുമായി സാമ്യമുണ്ടോ എന്ന്  പരിഹസിച്ച് ചിത്രം സഹിതം സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടത് കണ്ടു. സഹ എം.എൽ.എ അല്ലേ? ഇരിക്കുന്ന പദവിയുടെ മഹത്വം എങ്കിലും എം.എൽ.എ കാണിക്കേണ്ടതായിരുന്നു. പേര് പറഞ്ഞില്ലല്ലോ എന്ന ന്യായീകരണമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇത് വിവരമില്ലായ്മയാണ്. നാളെ മറ്റൊരാൾക്ക് ഈ അനുഭവം ഉണ്ടാവരുത് എന്നുള്ളതിനാൽ സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ടെന്നും സൈബർ സെല്ലിലും പരാതി നൽകുമെന്നും രമ വ്യക്തമാക്കി.

പാർട്ടി നേതൃത്വം ഇടപെടണം

വ്യാജപ്രചരണം ഇന്നോ ഇന്നലെയോ കേൾക്കുന്നതല്ല. 2012 മുതൽ തുടങ്ങിയതാണ്. 2016ലെ തിരഞ്ഞെടുപ്പ് കാലത്ത് ഞാൻ ഒരു പെൺകുട്ടിയെ അധിക്ഷേപിച്ചെന്ന് ശബ്ദം എഡിറ്റ് ചെയ്ത് ഒരു ദിവസം മുഴുവൻ വാർത്തയാക്കിയ അനുഭവം കേരളത്തിന് മുന്നിലുണ്ട്. അതിൽ ഞാൻ കേസിന് പോയതോടെ കോടതിയിൽ ഹാജരാകുകയോ ഫുട്ടേജ് നൽകുകയോ പോലും വാർത്ത പ്രചരിപ്പിച്ചവർ തയ്യാറായില്ല. ആ പ്രചരണം പൊളിയുകയാണുണ്ടായത്.

വ്യക്തിഹത്യയ്ക്കും രാഷ്ട്രീയ മുതലെടുപ്പിനും വേണ്ടി അണികൾ നടത്തുന്ന ഇത്തരം നികൃഷ്ട വേലകൾ പാർട്ടി നേതൃത്വം ഇടപെട്ട് അവസാനിപ്പിക്കുകയാണ് വേണ്ടത്. അതല്ലെങ്കിൽ പിന്നെ എന്ത് സ്ത്രീ ഉന്നമനത്തെയും സ്വാതന്ത്ര്യത്തെയും പുരോഗതിയെയും കുറിച്ചാണ് പാർട്ടി പറയുന്നത്? ചിരിക്കാൻ പാടില്ലെന്നും, കരയാൻ പാടില്ലെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞ് സൈബറിടങ്ങളിലും അല്ലാതെയും നെറികേട് പ്രചരിപ്പിക്കാനാണെങ്കിൽ എന്റെ മുന്നിൽ, എന്നെ പോലെയുള്ള സ്ത്രീകളുടെ മുന്നിൽ നിങ്ങൾ തോറ്റ് പോവുകയേയുള്ളൂ'..

MORE IN KERALA
SHOW MORE