വൈപ്പിനിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങി; യാത്രാദുരിതത്തിന് താല്‍ക്കാലിക അറുതി

വൈപ്പിന്‍കാരുടെ യാത്രാദുരിതത്തിന് താല്‍ക്കാലിക അറുതിയായി നഗരത്തിലേക്ക് നാല് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് തുടങ്ങി. വൈപ്പിനില്‍ നിന്നുള്ള സ്വകാര്യ ബസുകളുടെ നഗരപ്രവേശം മൂന്ന് മാസത്തിനുള്ളില്‍ യാഥാര്‍ഥ്യമാക്കുമെന്ന് അധിക സര്‍വീസ് ഫ്ളാഗ് ഒാഫ് ചെയ്ത ഗതാഗതമന്ത്രി പറഞ്ഞു. ഇതിനിടെ മന്ത്രിക്ക് നേരെ കരിങ്കൊടിയും, റോഡ് ഉപരോധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

യാത്രാക്ലേശത്തിന് പരിഹാരമെന്ന വൈപ്പിന്‍കാരുടെ ആവശ്യത്തിന് 18 വര്‍ഷത്തോളം പഴക്കമുണ്ട്. വൈപ്പിനില്‍ നിന്നുള്ള ബസുകളുടെ നഗരപ്രവേശനത്തിന്റെ ആദ്യ ഘട്ടമെന്ന നിലയ്ക്കാണ് നാല് അധിക കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കൂടി തുടങ്ങിയത്. സ്വകാര്യ ബസുകളുടെ നഗരപ്രവേശനം സാധ്യമാക്കുന്നതിനായുള്ള നിയമ കുരുക്കുക്കള്‍ പരിഹരിച്ച് കൊണ്ടിരിക്കുകയാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. നാറ്റ്പാക്ക് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചതായും മൂന്ന് മാസത്തിനകം സ്വകാര്യ ബസുകള്‍ക്ക് നഗരത്തിലേക്ക് പെര്‍മിറ്റ് അനുവദിച്ച് തുടങ്ങാനാകുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.

 സ്വകാര്യബസുകളുടെ സര്‍വീസ് തുട്ങ്ങാതെ ആളുകളെ പറ്റിക്കുകയാണ് ഗതാഗതമന്ത്രിയെന്നാരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫ്ളാഗ് ഒാഫ് ചടങ്ങിനെത്തിയ മന്ത്രിക്ക് നേരെ കരിങ്കൊടിയുമായെത്തിയത്. ഗോശ്രീ പാലം ഉപരോധിച്ചായിരുന്നു ബിജെപിയുടെ പ്രതിഷേധം. ബിെജപി ജില്ലാ പ്രസിഡന്റ് കെ.എസ് ഷൈജുവടക്കമുള്ള പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി

Enter AMP Embedded Script