
കോഴിക്കോട് കോര്‍പറേഷനുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. എ.സി.പി ടി.എ.ആന്റണിയെയാണ് മാറ്റിയത്. കെട്ടിടനമ്പര്‍ ക്രമക്കേട് കേസിലേയും പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലും അന്വേഷണത്തെ ഇത് ബാധിച്ചേക്കും.
ഉദ്യോഗസ്ഥരുടെ പാസ് വേര്‍ഡ് ചോര്‍ത്തി 22 അനധികൃത കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയതായാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ ഒരു കേസില്‍ മാത്രമാണ് പ്രതികളെ പിടികൂടിയത്. ബാക്കി 11 കേസുകളിലും ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. ടി.എ ആന്റണിയടക്കം ആറുമാസത്തിനിടെ മൂന്നാമത്തെ ഉദ്യോഗസ്ഥനാണ് ഇത് അന്വേഷിക്കുന്നത്. കൂടുതല്‍ കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയതായുള്ള വിവരങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്ന സാഹചര്യത്തിലാണ് ആന്റണിയെ മാറ്റിയതെന്നാണ് പ്രതിപക്ഷത്തിന്റ ആരോപണം.
കോര്‍പറേഷന്റ 12 കോടിയോളം രൂപ പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജര്‍ തട്ടിയെടുത്ത കേസും ആന്റണി തന്നെയാണ് അന്വേഷിച്ചിരുന്നത്.മുഖ്യപ്രതി എം.പി റിജിലിന്റെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കോടതി തളളിയിരുന്നു. ജാമ്യാപേക്ഷയുമായി മേല്‍കോടതിയെ സമീപിക്കാനാണ് റിജിലിന്റെ തീരുമാനം. നിര്‍ണായക സമയത്ത് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത് ആ കേസിലും തിരിച്ചടിയായേക്കും.