
ശബരിമലയില്‍ നാണയമെണ്ണിത്തീര്‍ക്കാന്‍ യന്ത്രസഹായം വേണമെന്ന് ജീവനക്കാരുടെ സംഘടന. നിലവില്‍ രണ്ടുമാസം എണ്ണിയാലും തീരാത്തത്ര നാണയമാണ് ശബരിമലയില്‍ കുന്നുകൂടിയിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഈ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കോവിഡ് കാലത്തിന് ശേഷമെത്തിയ തീര്‍ഥാടനകാലത്ത് കാണിക്ക നിറഞ്ഞു കവിഞ്ഞു. ജീവനക്കാര്‍ എണ്ണിയിട്ടും തീരുന്നുമില്ല. ജീവനക്കാര്‍ക്ക് അവധി പോലും കിട്ടുന്നത് സംശയമാണ്. ജനുവരി 25ന് മുന്‍പ് എണ്ണിത്തീര്‍ക്കുമെന്നായിരുന്നു ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. നോട്ടും നാണയവുമായി ചേര്‍ന്ന് 119 കോടിയാണ് ഇതുവരെ എണ്ണിത്തീര്‍ന്നത്. നാണയങ്ങളുടെ മൂന്നില്‍ രണ്ട് കൂമ്പാരം ഇനിയും ബാക്കിയാണ്. ഇരുപത് കോടിക്കടുത്ത് വരുമെന്നാണ് നിഗമനം. യന്ത്രസഹായം ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
2017ല്‍ കരാറെടുത്ത ബാങ്ക് യന്ത്രം സ്ഥാപിച്ച് എണ്ണിയിരുന്നു. ചെന്നൈയില്‍ ഒരു കമ്പനിയുമായി ബന്ധപ്പെട്ട് നേരത്തേ റോബോട്ടിക്സ് സംവിധാനം ആലോചിച്ചെങ്കിലും നടപടി നീങ്ങിയിട്ടില്ല. മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് ഡെപ്യൂട്ടേഷനിലാണ് ജീവനക്കാര്‍ സന്നിധാനത്തെത്തുന്നത്. ജീവനക്കാരുടെ കുറവ് മറ്റ് ദേവസ്വങ്ങളേയും ബാധിച്ചിട്ടുണ്ട്.