ദേശീയ വടംവലിയിലെ മിന്നും ജയം; കേരളതാരങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചു

ദേശീയ വടംവലി മല്‍സരത്തില്‍ കേരളത്തിന് മിന്നും ജയം സമ്മാനിച്ച താരങ്ങളുടെയും പരിശീലകരുടെയും കൂട്ടായ്മ സംഘടിപ്പിച്ചു. ജനകീയ കായിക ഇനമായി വടം വലിയെ മാറ്റുന്നതിനൊപ്പം താരങ്ങള്‍ക്ക് തൊഴില്‍ സാധ്യതയും ചര്‍ച്ചയായി. വി.കെ.ശ്രീകണ്ഠന്‍ എം.പി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ പാലക്കാട് നടന്ന ചടങ്ങില്‍ മെഡല്‍ നേടിയവരെയും ആദരിച്ചു. 

മല്‍സരിച്ച പതിനാറ് ഇനങ്ങളില്‍ പന്ത്രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും. എതിരാളികള്‍ക്ക് അടുത്തെത്താന്‍ കഴിയാത്ത മട്ടിലുള്ള മിന്നും വിജയം. കേരളത്തിന് കിരീടനേട്ടം സമ്മാനിച്ച താരങ്ങളും പരിശീലകരും മാനേജര്‍മാരും സംഗമത്തിന്റെ ഭാഗമായി. കായിക മികവ് ഏറെ നിലനിര്‍ത്തി മുന്നേറേണ്ട മല്‍സര ഇനം എന്നനിലയില്‍ താരങ്ങളുടെ ജോലിസാധ്യത ഉള്‍പ്പെടെ പ്രധാന ചര്‍ച്ചയായി. 

പ്രതിസന്ധിക്കിടയിലും ചിട്ടയായ പരിശീലനമാണ് പല വിദ്യാര്‍ഥികളെയും സുവര്‍ണ നേട്ടത്തിലേക്കെത്തിച്ചത്. രക്ഷിതാക്കളുടെയും സഹായ മനസുമായി രംഗത്തിറങ്ങിയ കായികപ്രേമികളുടെയും പിന്തുണയിലാണ് തോളോട് തോള്‍ ചേര്‍ന്ന് കിരീടനേട്ടം സ്വന്തമാക്കിയത്.  നേട്ടം കരസ്ഥമാക്കിയ കായിക താരങ്ങളെയും പരിശീലകരെയും മാനേജര്‍മാരെയും ചടങ്ങില്‍ ആദരിച്ചു. പാലക്കാട് ജില്ല വടംവലി അസോസിയേഷനാണ് പരിപാടി സംഘടിപ്പിച്ചത്.