
വീണ്ടുമൊരു ട്രാന്‍സ്ജെന്‍റര്‍ വിവാഹം. ആലപ്പുഴ സ്വദേശി നിലൻ കൃഷ്ണയും തിരുവനന്തപുരം സ്വദേശിനി അദ്വിവികയുമാണ് പാലക്കാട് കൊല്ലങ്കോട് വിവാഹിതരായത്. ഇരുവരുടെയും ബന്ധുക്കളും സഹപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.
ഇരുവരും ആഗ്രഹിച്ചു. ഒരേ മനസോടെ തീരുമാനിച്ചു. ബന്ധുക്കളുടെ അനുഗ്രഹ ആശിസുകളോടെ ദമ്പതിമാരായി. അദ്വിവികയും നിലൻ കൃഷ്ണയും ഇനി ഒരു വഴിയേ കൈകോര്‍ത്ത് നീങ്ങും. കൊല്ലങ്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. നിലൻ ലാബ് ടെക്നീഷ്യൻ ഡിപ്ലോമ കഴിഞ്ഞതാണ്. അദ്വിവിക ഓപ്പറേഷന്‍ തിയറ്റര്‍ ടെക്നീഷ്യൻ കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്. ജോലിക്കിടയിലാണ് ഇരുവരും വിവാഹത്തെക്കുറിച്ച് തീരുമാനിച്ചത്.
കൊല്ലങ്കോട് തെക്കേ പാവടിയിലെ ശെങ്കുന്തർ മണ്ഡപത്തിലായിരുന്നു വിവാഹ ചടങ്ങ്. ഇരുവരുടെയും ബന്ധുക്കളും, സഹപ്രവർത്തകരും, ജനപ്രതിനിധികളും പങ്കെടുത്തു. വിവാഹ ശേഷവും കൊല്ലങ്കോടെ സ്ഥാപനത്തിൽ തുടരാനാണ് ഇരുവരുടെയും തീരുമാനം.