തകഴിയിൽ നിരോധിത കീടനാശിനി ഉപയോഗിച്ചു; കുഞ്ഞുങ്ങൾക്കടക്കം അസ്വസ്ഥത

ആലപ്പുഴ തകഴിയിൽ നിരോധിത കീടനാശിനി പാടശേഖരത്ത് ഉപയോഗിച്ചു. പരിസരവാസികള്‍ക്കും നവജാത ശിശുക്കളടക്കമുള്ളവർക്കും ശാരീരിക അസ്വസ്ഥത. കൃഷി നശിച്ചതിനാൽ കർഷകർക്ക് സാമ്പത്തിക നഷ്ടവുമുണ്ടായി.തകഴി  കുന്നുമ്മയിൽ 50 ഏക്കറുള്ള വടവടി പാടശേഖരത്താണ് നിരോധിത കീടനാശിനി ഉപയോഗിച്ചത്. 2 വർഷമായി കൃഷിയില്ലാതെ പാടത്ത് പോള നിറഞ്ഞു കിടക്കുകയാണ്.പോള നശിപ്പിക്കാനായി നിരോധിത കീടനാശിനി ഉപയോഗിച്ചതോടെ പരിസര വാസികൾക്ക് ശാരീരിക അസ്വസ്ഥതകൾ തുടങ്ങി. ഒറ്റത്തെങ്ങിൽ അലന്‍റെ കരകൃഷിയും കരിഞ്ഞുണങ്ങി

നിരോധനം ലംഘിച്ച് പവർ സ്പ്രേയർ ഉപയോഗിച്ചാണ് കീടനാശിനി തളിച്ചത്. പരിസര വാസിയായ ചെന്നല്ലൂർ വിജയൻ്റെ ഭാര്യ ലത ശ്വാസംമുട്ടലിനെ തുടർന്ന് ദിവസങ്ങളോളം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായി. രണ്ട് നവജാത ശിശുക്കൾക്കും ശ്വാസംമുട്ടലുണ്ടായി. പരാതിയെത്തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ എത്തി പരിശോധന നടത്തി മടങ്ങിയതല്ലാതെ മറ്റൊരു നടപടിയും ഉണ്ടായില്ലെന്നാണ് ആക്ഷേപം