ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പുനരധിവാസ കേന്ദ്രവും തെറപ്പിയൂണിറ്റും കാസർകോട്ടും

muthukadwb
SHARE

ഭിന്നശേഷിക്കാരായ കുട്ടികൾക്കായി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഡിഫറന്റ് ആർട് സെന്ററിന്റെ മാതൃകയിൽ  പുനരധിവാസ കേന്ദ്രവും ആധുനിക തെറപ്പി യൂണിറ്റും കാസർകോട്ടും ആരംഭിക്കാനൊരുങ്ങുകയാണ് ഗോപിനാഥ് മുതുക്കാട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുടെ പുനരിധിവാസമാണ് പ്രധാന ലക്ഷ്യം. പദ്ധതിയുടെ പ്രഖ്യാപനം കാസര്‍കോട്ട് ഗോപിനാഥ് മുതുകാട് നിര്‍വ്വഹിച്ചു. 

ഡിഫറന്റ് ആർട് സെന്ററിലെ പരിശീലനം കുട്ടികളുടെ മാനസിക നിലവാരത്തിൽ ഗണ്യമായ പുരോഗതിയുണ്ടാക്കിയതായി കേരള സർക്കാരിന് കീഴിലുള്ള ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ കണ്ടെത്തുകയും ഇത് സംബന്ധിച്ച് റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറുകയും ചെയ്തിട്ടുണ്ട്. ഈയൊരു മാതൃകയാണ് കാസർകോടും നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നത്. കോട്ടയം ബിസിഎം കോളജിലെ ഹിന്ദി പ്രഫസർ ആയിരുന്ന എം.കെ.ലൂക്കയാണ് പുനരധിവാസ കേന്ദ്രം നിർമിക്കുന്നതിനുള്ള 16 ഏക്കർ ഭൂമി സൗജന്യമായി നൽകുന്നത്. എൻഡോസൾഫാൻ ദുരിത മേഖല കൂടിയായ കാസർകോട് ഇത്തരമൊരു പ്രോജക്ട് നടപ്പിലാക്കുവാനുള്ള പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കുമെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു. 

എൻഡോസൾഫാൻ ദുരിതബാധിതനായ ചെങ്കള ബെർകെയിലെ  അബ്ദുറഹ്മാന്റെ  ദുരിതമറിഞ്ഞ്  ഗോപിനാഥ് മുതുകാട്  ഇലക്ട്രോണിക് വീൽ ചെയറും ഇലക്ട്രോണിക് ക്രെയിനും അബ്ദുറഹ്മാനായി  വാങ്ങി നല്‍കി.  2017ൽ കാസർകോട് നടന്ന മലയാള മനോരമ നല്ലപാഠം പരിപാടിയിലായിരുന്നു എൻഡോസൾഫാൻ രോഗികളുടെ ദുരിതം ഗോപിനാഥ് മുതുകാട് ശ്രദ്ധിക്കുന്നത്. പിന്നീട് അങ്ങോട്ട് ദുരിതബാധിതര്‍ക്ക് കഴിയുന്ന സഹായങ്ങള്‍ എത്തിച്ചു കൊടുക്കാറുണ്ട് അദ്ദേഹം.

MORE IN KERALA
SHOW MORE