107 കോടി തിരിച്ചടയ്ക്കണം; ചെറുവണ്ണൂരിലെ സ്റ്റീല്‍ കോംപ്ലക്സ് ലേലത്തിലേക്ക്

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള കോഴിക്കോട് ചെറുവണ്ണൂരിലെ സ്റ്റീല്‍ കോംപ്ലക്സ് ലേലത്തിലേക്ക്. നിലവില്‍ ജപ്തി ഭീഷണി നേരിടുന്ന കമ്പനി 107 കോടി രൂപയാണ്  വായ്പായിനത്തില്‍ തിരിച്ചടക്കാനുള്ളത്.  ലോ ട്രൈബ്യൂണലുമായി നടത്തിയ ചര്‍ച്ചയില്‍ തുകയടക്കാന്‍ സര്‍ക്കാര്‍  ഏഴു ദിവസത്തെ സാവകാശം ചോദിച്ചിരിക്കുകയാണിപ്പോള്‍.

റീ റോളിങ് മില്‍ സ്ഥാപിക്കാനായി 2014 ലാണ് സ്റ്റീല്‍ കോംപ്ലക്സ് 45 കോടി രൂപ കാനറ ബാങ്കില്‍ നിന്ന് കടമെടുത്തത്. തുക അടക്കാതായതോടെ പലിശയേറി 107 കോടിയിലെത്തി. റീറോളിങ് മില്ലിലൂടെ പ്രതീക്ഷിച്ച നേട്ടം കിട്ടാതിരുന്നതാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയത്. അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞതും തിരിച്ചടിയായി. 2016 ല്‍ കമ്പനിയുടെ പ്രവര്‍ത്തനം നിലയ്ക്കുമ്പോള്‍ മുന്നൂറോളം ജീവനക്കാരുണ്ടായിരുന്നെങ്കില്‍ ഇന്ന് വെറും മുപ്പത് പേരേ അവശേഷിക്കുന്നുള്ളു. 

ഇവര്‍ക്കാകട്ടെ മാസങ്ങളായി ശമ്പളവുമില്ല. 2019 ല്‍ കമ്പനിയെ രക്ഷപെടുത്താന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടായ ചര്‍ച്ച നടന്നു. പൊതുമരാമത്ത് വകുപ്പിന്റ കീഴിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട കമ്പികളില്‍  30 ശതമാനം ഇവിടെ നിന്ന് എടുക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റ നിര്‍ദേശം. എന്നാല്‍ കേന്ദ്രം ഇത് സംബന്ധിച്ച്  ഉത്തരവിറക്കാഞ്ഞതോടെ നിര്‍ദേശം നടപ്പായില്ല.