veenwyd-18

വയനാട് മെഡിക്കല്‍ കോളജിനായുള്ള ഭൂമിയുടെ പേരില്‍ തര്‍ക്കം നിലനില്‍ക്കെ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി ആരോഗ്യന്ത്രി വീണാജോര്‍ജ്. മെഡിക്കല്‍ കോളജ് മാനന്തവാടിയില്‍ തന്നെ യാഥാര്‍ത്ഥ്യമാകുമെന്നും വിവാദങ്ങള്‍ അനാവശ്യമാണെന്നും മന്ത്രി പറഞ്ഞു. കല്‍പറ്റ മടക്കിമലയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് വീണാജോര്‍ജിന്‍റെ പ്രഖ്യാപനം. 

 

പ്രഖ്യാപനം നടന്ന് പത്തുവര്‍ഷമാകുമ്പോഴും വയനാട് മെഡിക്കല്‍ കോളജ് രേഖകകളില്‍ മാത്രം ഒതുങ്ങുന്നു. ഭൂമിയെ ചൊല്ലിയുള്ള വിവാദങ്ങളാണ് നിര്‍മ്മാണം നീളാന്‍ കാരണം. വയനാട്ടുകാര്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ മെഡിക്കല്‍ കോളജ് കല്‍പറ്റയില മടക്കിമലയില്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി ആക്ഷന്‍ കമ്മിറ്റി സമരത്തിലാണ്. ചന്ദ്രപ്രഭാ ട്രസ്റ്റ്  സൗജന്യമായി നല്‍കിയ 50 ഏക്കറില്‍ തന്നെ മെഡിക്കല്‍ കോളജ് സ്ഥാപിക്കണമെന്നാണ് ആവശ്യം.  ആക്ഷന്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശവമഞ്ചയാത്രയടക്കം നടത്തി പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ആരോഗ്യമന്ത്രിതന്നെ നിലപാട് വ്യക്തമാക്കി. വയനാടിന് വേണ്ടത് വിവാദങ്ങളല്ല വികസനമാണ്. മെഡിക്കല്‍ കോളജ് മാനന്തവാടിയില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് മന്ത്രി പറഞ്ഞു.

 

ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളജാക്കിമാറ്റി ബോയ്സ് ടൗണിലെ ഭൂമിയില്‍ അക്കാദമിക് ബ്ലോക്ക് നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ബോയ്സ് ടൗണിലെ ഭൂമി ഏറ്റെടുത്തതിലും തര്‍ക്ക വിഷയങ്ങളുണ്ട്. അത് ഉടന്‍ പരിഹിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. അതേസമയം കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തിയില്‍ പദ്ധതി വരുന്നത് വയനാടിനെ വീണ്ടും അവഗണിക്കുന്നതിന് തുല്യമാണെന്ന് ആക്ഷന്‍കമ്മിറ്റി പറയുന്നു.  മടക്കിമലയില്‍ പരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന്‍റെ താല്‍പര്യക്കുറവ് കാരണം ഉണ്ടായതെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആരോപണം.

 

Health minister  Veena George on Wayanad Medical College