കോഴിക്കോട് അനധികൃത നിര്‍മാണത്തിന് നോട്ടീസ്; കെട്ടിട ഉടമകളെ തെളിവെടുപ്പിന് വിളിക്കും

അനധികൃത നിര്‍മാണത്തിന് കോഴിക്കോട് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയ കെട്ടിടമുടമകളെ തെളിവെടുപ്പിന് വിളിക്കും. എട്ട് കെട്ടിട ഉടമകളില്‍ ഒരാള്‍ മാത്രമാണ് കോര്‍പ്പറേഷന്‍ നോട്ടീസിന് മറുപടിയായി രേഖകള്‍ ഹാജരാക്കിയത് . തീരദേശ പരിപാലന മേഖലയുടെ പേരില്‍ ചെറിയ വീടുകള്‍ക്ക് പോലും അനുമതി ലഭിക്കാതിരിക്കുമ്പോഴാണ് ബീച്ച് പരിസരത്ത് ബഹുനില കെട്ടിടങ്ങളിലെ നിര്‍മാണമെന്നാണ് ആക്ഷേപം. 

പരാതികള്‍ ശക്തമായതിനെ തുടര്‍ന്ന് കോഴിക്കോട് കോര്‍പറേഷന്‍ അധികൃതര്‍ സൗത്ത് ബീച്ചില്‍ നടത്തിയ പരിശോധനയിലാണ് എട്ട് കെട്ടിടങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്. കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയ രേഖകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ കെട്ടിടമുടമകളില്‍ എട്ടില്‍ ഒരാള്‍ക്ക് മാത്രമേ രേഖകള്‍ ഹാജരാക്കാനായത്. തീരദേശ പരിപാലന മേഖലയുടെ പേരില്‍ ചെറിയ വീടുകള്‍ക്ക് പോലും അനുമതി ലഭിക്കാതിരിക്കുമ്പോള്‍ എങ്ങനെയാണ് ഇത്തരം നിര്‍മാണങ്ങള്‍ നടക്കുകയെന്നാണ് പരാതിക്കാരുടെ ചോദ്യം. 

അനധികൃത കെട്ടിട നമ്പര്‍ തട്ടിപ്പും തുടര്‍ന്നുള്ള കേസുകളുമെല്ലാം സൃഷ്ടിച്ച വിവാദങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. നോട്ടീസ് ലഭിച്ചിട്ടും മതിയായ രേഖകള്‍ ഹാജരാകാത്ത കെട്ടിമുടമകള്‍ക്കെതിരെ കോര്‍പറേഷന്‍ തുടര്‍ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി തെളിവെടുപ്പിന് ഇവരെ വിളിപ്പിക്കുമെന്ന് കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. അതേസമയം, കോര്‍പറേഷന്‍ നോട്ടീസ് ലഭിച്ച പല കെട്ടിടങ്ങളിലും നിര്‍മാണം തുടരുന്നുണ്ട്.