വിദ്യാർത്ഥിയെ പുഴയിൽ കാണാതായി; ആഘോഷങ്ങളില്ലാതെ ഉമ്മത്തൂർ സ്‌കൂൾ

പാട്ടും ആഘോഷവുമായി സ്കൂളുകള്‍ തുറന്നപ്പോള്‍‌ കോഴിക്കോട്ടെ നാദാപുരം ഉമ്മത്തൂര്‍ എസ്.െഎ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാത്രം അടഞ്ഞുകിടന്നു. സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ മിസ്ഹബിെന പുഴയില്‍ കാണായതോടെയാണ് സ്കൂളിന് അവധി നല്‍കിയത്. മിസ്ഹബിനൊപ്പം ഒഴുക്കില്‍പെട്ട  മുഹമ്മദിന്റ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു. 

ആരും സ്കൂളിലേക്ക് വന്നതേയില്ല, പുഴയോരത്ത് സഹപാഠിക്കായി കണ്ണുനിറച്ച് കാത്തിരിക്കുകയാണ് മിക്കവരും. സ്കൂളിന് സമീപത്താണ് പുഴ. മറ്റ് അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പമാണ് മിസ്ഹബ് ഇന്നലെ വൈകിട്ട് പുഴയില്‍ കുളിക്കാനിറങ്ങിയത്. ഒഴുക്കില്‍പെട്ട രണ്ടുപേരില്‍ മുഹമ്മദിനെ നാട്ടുകാര്‍ കരയ്ക്കെത്തിച്ച് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മിസ്ഹബിനായി തിരച്ചില്‍ തുടരുകയാണ്. അധ്യയനവര്‍ഷം ആരംഭിക്കാനിരിക്കെയുണ്ടായ ദുരന്തം അധ്യാപകരേയും സങ്കടത്തിലാക്കി.

ദുരന്ത നിവാരണ സേനയും ഫയര്‍ഫോഴ്സും കൂരാച്ചുണ്ട് പഞ്ചായത്തിലെ അമീന്‍ റെസ്ക്യൂ ടീമും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത് .മുഹമ്മദിന്റ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.