ഭൈരിയുടെ മരണം; ആരെയും അറിയിക്കാതെ മക്കൾ മറവുചെയ്തു; അസ്വഭാവികതയില്ലെന്ന് പൊലീസ്

bhairi
SHARE

ദുരൂഹ സാഹചര്യത്തിൽ വയോധികയെ കാണാതായ സംഭവത്തിൽ അസ്വാഭാവികതയില്ലെന്നു പൊലീസ്. പൂതാടി പഞ്ചായത്തിലെ വനഗ്രാമമായ മണൽവയൽ കോളനിയിലെ പരേതനായ ബൊമ്മന്റെ ഭാര്യ ഭൈരി (70) നെ കാണാനില്ലെന്ന പരാതിയെ തുടർന്നു നടത്തിയ പരിശോധനയിൽ കോളനിയിലെ വീടിനോട് ചേർന്ന് മൃതദേഹം മറവു ചെയ്തതായി കണ്ടെത്തിയിരുന്നു. ഇതെത്തുടർന്ന് ഇന്നലെ വൈകിട്ട് കോഴിക്കോട് മെഡിക്കൽ കോളജിലെ പൊലീസ് ആൻഡ് ഫൊറൻസിക് അസിസ്റ്റന്റ് പ്രഫസർ ഡോ.ടി.എം. പ്രജിത്ത്, ബത്തേരി തഹസിൽദാർ വി. ഷാജി, കേണിച്ചിറ പൊലീസ് ഇൻസ്പെക്ടർ പി.ശശിധരൻ, എസ്.ഐ.ഉമ്മർ എന്നിവരുടെ നേതൃത്വത്തിൽ ജഡം പുറത്തെടുത്ത് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണം സ്വാഭാവികമായിരുന്നു എന്ന് കണ്ടെത്തിയത്.

ഇതോടെ പ്രദേശത്ത് 2 ദിവസമായുണ്ടായിരുന്ന ദുരൂഹതകൾക്ക് വിരാമമായി. പ്രായാധിക്യം മൂലം മരണപ്പെട്ട ഭൈരിയേ ആരെയും അറിയിക്കാതെ മാനസിക അസ്വസ്ഥതകളുള്ള മക്കൾ മറവു ചെയ്തതാണ് ദുരൂഹതയ്ക്കിടയാക്കിയത്. എന്നാൽ ഇന്നലെ പകൽ സ്ഥലത്ത് എത്തിയ ഇളയമകൻ പൊലീസിനോട് പറഞ്ഞത്, കോളനിയിൽ ആര് മരിച്ചാലും ഞങ്ങളെ അറിയിക്കാറില്ലെന്നും അതുകൊണ്ട് അമ്മയുടെ മരണം ഞങ്ങളും ആരെയും അറിയിച്ചില്ലെന്നാണ്. ആചാരപ്രകാരം വീടിനോട് ചേർന്നുള്ള മൺതിട്ട തുരന്ന് അതിനുള്ളിലാണ് മറവുചെയ്തതെന്നും പറഞ്ഞു . കൂടുതൽ പരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ ശേഖരിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീടിന് സമീപം സംസ്കരിച്ചു.

MORE IN KERALA
SHOW MORE