സൈക്കിൾ യാത്രികനെ ഉടക്കിവലിച്ച് ടിപ്പർ ലോറി അരക്കിലോമീറ്റർ ഓടി

accident
SHARE

സൈക്കിൾ യാത്രികനെ ഉടക്കിവലിച്ച് അര കിലോമീറ്റർ ഓടിയ ടിപ്പർ ലോറിയെ പിന്നാലെ വന്ന കാർ മറികടന്നെത്തി ഡ്രൈവറെ വിവരം അറിയിച്ച് നിർത്തി. ഗുരുതര പരുക്കേറ്റ സൈക്കിൾ യാത്രികൻ കുത്തിയതോട് മൂർത്തിക്കൽ മോഹനൻ (65) ആലപ്പുഴ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലെ ഉച്ചയോടെ ദേശീയപാതയിൽ തുറവൂർ ഗവ.എൽപി സ്കൂളിന് സമീപമായിരുന്നു അപകടം. റിട്ട. നേവൽ ബേസ് ഉദ്യോഗസ്ഥനായ മോഹനൻ കൊച്ചി നേവൽ ആസ്ഥാനത്ത് നിന്നു പെൻഷൻ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കൊച്ചിയിൽനിന്നു ബസിൽ തുറവൂരിൽ എത്തി സൈക്കിളിൽ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം.

നാലുവരി പാത മുറിച്ച് കടക്കുന്നതിനായി മീഡിയനിലെ വിടവിൽ സൈക്കിൾ നിർത്തി നിൽക്കുമ്പോൾ. കൊച്ചി ഭാഗത്ത് നിന്നു ചേർത്തല ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയുടെ പിന്നിലുള്ള ഇരുമ്പ് ദണ്ഡിൽ സൈക്കിൾ ഉടക്കുകയായിരുന്നു. മോഹനനെയും സൈക്കിളുമായി അര കിലോമീറ്ററോളം വലിച്ചിഴച്ച് സഞ്ചരിച്ചിട്ടും ഡ്രൈവർ അറിഞ്ഞിരുന്നില്ല. പിന്നാലെ എത്തിയ കാർ മറികടന്നെത്തി ലോറിക്ക് തടസ്സം സൃഷ്ടിച്ചാണ് വാഹനം നിർത്തിച്ചത്. ഒാടിക്കൂടിയ നാട്ടുകാർ ലോറിയിൽ കുരുങ്ങിക്കിടന്ന മോഹനനെ തുറവൂർ താലൂക്ക് ആശുപത്രിയിലാക്കി. പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം ഇവിടെനിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

MORE IN KERALA
SHOW MORE