ചിന്നം വിളിച്ച് ആന, വാഹനം മറിഞ്ഞ് വീണത് മുന്നിൽ; അത്ഭുതരക്ഷ

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന കട്ടച്ചിറ ഗവ.ഹൈസ്കൂളിലെ രണ്ട് അധ്യാപകർ സഞ്ചരിച്ചിരുന്ന ബൈക്ക് കാട്ടാനയുടെ മുന്നിൽ മറിഞ്ഞു വീണു. ഇരുവരും പരുക്കുകളോടെ ആനയുടെ ആക്രമണത്തിൽ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു. കൊല്ലം ശാസ്താംകോട്ട ഷാലിമാലയം അനീഷ് അലക്സ്(31), കൊല്ലം ശൂരനാട് ഇന്ദ്രഭവനത്തിൽ ഇന്ദ്രജിത്ത്(38) എന്നിവർക്കാണ് പരുക്കേറ്റത്. ഇവർക്കു പിന്നാലെ ജീപ്പിൽ എത്തിയ മറ്റ് അധ്യാപകരാണ് ഇരുവരെയും ആനയുടെ മുന്നിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്.ഇന്നലെ വൈകിട്ട് നാലിനു മണിയാർ–കട്ടച്ചിറ റൂട്ടിൽ തോട്ടപ്പുരയ്ക്കു സമീപമാണ് സംഭവം.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഇന്ദ്രജിത്തിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.ഇന്ദ്രജിത്തിന്റെ ഇടതു കൈ ഒടിഞ്ഞു. അനീഷ് രാത്രി വീട്ടിലേക്കു പോയെങ്കിലും ദേഹത്തും കാലിനും ചതവ് ഏറ്റതിന്റെ കടുത്ത വേദനയുണ്ട്.കട്ടച്ചിറ ഹൈസ്കൂളിലെ എൽപി വിഭാഗം അധ്യാപകരാണ് ഇരുവരും. അനീഷിന്റെ വാഹനത്തിലാണ് ഇവർ സ്കൂളിൽ നിന്ന് മണിയാറിലേക്കു വരുന്നത്. തോട്ടിൽ നിന്ന് വെള്ളം കുടിച്ച ശേഷം മുളംചില്ല കാട്ടിലൂടെ റോഡ് മുറിച്ച് കടക്കാൻ ആന എത്തുമ്പോഴാണ് ബൈക്ക് ആനയുടെ മുന്നിൽപെട്ടത്. ചിന്നം വിളിച്ച് നിൽക്കുകയായിരുന്ന ആനയുടെ മുന്നിൽ നിന്ന് രക്ഷനേടാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് റോഡിലേക്കു മറിഞ്ഞ് വീണ് ഇരുവരും വാഹനത്തിന്റെ അടിയിൽപെട്ടു. മിനിറ്റുകൾക്കകം പിന്നാലെ എത്തിയ സഹാധ്യാപകർ കാണുന്നത് റോഡിൽ വീണ് കിടക്കുന്ന ഇരുവരെയുമാണ്.

ഉടൻ തന്നെ ഇവർ എത്തിയ വാഹനത്തിൽ പ്രധാന അധ്യാപിക ഹരിപ്രീയയുടെ നേതൃത്വത്തിൽ പരുക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.മണിയാറിൽ നിന്ന് 7 കിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ചു വേണം കട്ടച്ചിറ സ്കൂളിൽ എത്താൻ. ബസ് സൗകര്യം ഇല്ല. സ്കൂളിലേക്കു വന്ന് പോകാൻ അധ്യാപകർ സ്വന്തം നിലയിൽ ടാക്സി വാഹനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. പകൽ പോലും ആനകളുടെ സാന്നിധ്യം പതിവാണ്. ഇതു കാരണം ഒന്നിച്ചാണ് അധ്യാപകർ വാഹനങ്ങളിൽ സ്കൂളിൽ എത്തുന്നത്.