ഗോത്രമേഖലയിലെ വിദ്യാഭ്യാസ പങ്കാളിത്തം ഉയർത്തണം: ആർ ബിന്ദു

ഗോത്രമേഖലയിലെ വിദ്യാഭ്യാസ പങ്കാളിത്തം ഉയർത്തിയാല്‍ മാത്രമേ സാമൂഹികനീതി എന്ന ആശയം യാഥാര്‍ഥ്യമാവൂ എന്ന് മന്ത്രി ആര്‍.ബിന്ദു. വെല്ലുവിളികളെ നേരിടാൻ വിദ്യാർഥികളെ പ്രാപ്തരാക്കാന്‍ ഇൻക്യുബേഷന്‍ സെന്ററുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടി രാജീവ് ഗാന്ധി ഗവണ്‍മെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ പുതുതായി നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

പ്രയാസകരമായ ജീവിത സാഹചര്യങ്ങളിലൂടെ മുന്നേറുന്ന ഗോത്ര വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസ നിലവാരവും ഉയർത്തുകയാണ് ലക്ഷ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൂടുതൽ മികച്ച കേന്ദ്രങ്ങളാക്കി മാറ്റുകയും വിദ്യാർഥികളിൽ തൊഴിൽവൈദഗ്‌ധ്യം കൂട്ടുന്ന പഠനസമ്പ്രദായം നടപ്പാക്കുകയും ചെയ്യും. കുട്ടികളിലെ സംരംഭക താല്‍പര്യങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും മന്ത്രി. 

പതിനെട്ട് ക്ലാസ് മുറികളുള്ള അക്കാദമിക്ക് ആന്റ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്. രണ്ട് ഹോസ്റ്റൽ ബ്ലോക്ക്, ആധുനിക സൗകര്യങ്ങളുള്ള ഇരുന്നൂറ് ഇരിപ്പിടമുള്ള കന്റീൻ, പ്രിൻസിപ്പൽ ക്വാർട്ടേഴ്സ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. കിഫ്ബി വഴി പതിനൊന്ന് കോടിയോളം ചെലവിലാണ് നിര്‍മാണം. നാല് ബിരുദ കോഴ്സുകളും ഒരു പിജി കോഴ്സിലുമായി എഴുന്നൂറോളം വിദ്യാർഥികളുണ്ട്. ഇവരിൽ നൂറ്റമ്പതോളം കുട്ടികൾ ഗോത്രവർഗക്കാരാണ്. ബിരുദ കോഴ്സുകളിൽ 10 സീറ്റുവീതം പട്ടികവർഗക്കാർക്ക് സംവരണമുള്ള കേരളത്തിലെ ഏക കോളജാണ്. വി.കെ.ശ്രീകണ്ഠന്‍ എം.പി, എന്‍.ഷംസുദ്ദീന്‍ എംഎല്‍എ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.