വൻവിജയമായി റൈസ് ബ്രാൻഡ്; ഇനി ആദ്യ അരിമില്ലും; മാതൃകയായി കൊടുമൺ

കൊടുമൺ റൈസ് ബ്രാൻഡിന്റെ വിജയത്തിന് പിന്നാലെ പത്തനംതിട്ട ജില്ലയിലെ ആദ്യ മില്ല് സ്ഥാപിക്കാൻ ഒരുങ്ങി കൊടുമൺ പഞ്ചായത്ത് . മൂന്നുമാസത്തിനകം  നിർമ്മാണം പൂർത്തിയാകുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. 20 ടൺ അരിയാണ് ഈ വർഷം ഉൽപ്പാദിപ്പിച്ചത്. 

കൊടുമൺ പഞ്ചായത്തിലെ പാടശേഖരങ്ങളിലെ നെല്ല് ഉപയോഗിച്ചാണ് അരി നിർമ്മാണം . ഇത്തവണ ഉല്‍പാദിപ്പിച്ച 20 ടണ്ണിൽ 15 ടണ്ണും ഓണത്തിന് മുൻപായി വിറ്റഴിഞ്ഞു. 12 ജില്ലകളിലാണ് വിതരണം.  നിലവിൽ കുമരകത്തെ മില്ലിൽ നിന്നാണ് അരിയാക്കുന്നത്. തുടർന്നാണ് മില്ല് സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്.

പഞ്ചായത്തിൻറെ മേൽനോട്ടത്തിലുള്ള എക്കോ സൊസൈറ്റിക്ക് ആണ് അരി നിർമാണത്തിന്റെ ചുമതല. പഞ്ചായത്ത് തന്നെ നെല്ല് എടുക്കുന്നത് കർഷകർക്കും ആശ്വാസം. മില്ല് വരുന്നതോടെ കൂടുതൽ നെല്ല് എടുക്കാൻ കഴിയും. മറ്റു സ്ഥലങ്ങളിലുള്ളവർക്കും ഇവിടെയെത്തി നെല്ല് കുത്തി അരിയാക്കാവുന്നതാണ്.