സ്വര്‍ണ്ണക്കടത്ത് കേസ് വിചാരണ; ബെംഗ്ലൂരുവിലേക്ക് മാറ്റരുതെന്ന് കേരളം

സ്വര്‍ണ്ണക്കടത്ത് കേസിന്‍റെ വിചാരണ ബെംഗ്ലൂരുവിലേക്ക് മാറ്റരുതെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍. വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇ.ഡി നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ വാദം കേള്‍ക്കാതെ ഉത്തരവിറക്കരുതെന്ന് ആവശ്യപ്പെട്ട് അഡീഷല്‍ ചീഫ് സെക്രട്ടറി ഡോ. വി.വേണു സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. കേരളത്തില്‍ വിചാരണ നടന്നാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന ഇ.‍ഡിയുടെ ആശങ്ക സാങ്കല്‍പ്പികം മാത്രമാണെന്ന് ഹര്‍ജിയില്‍ വാദിക്കുന്നു. 

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിന്‍റെ വിചാരണ ബെംഗ്ലൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാനസര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. അതേസമയം കേസില്‍ സര്‍ക്കാരിനെ ഇ.ഡി കക്ഷിയാക്കിയതുമില്ല. ഈ സാഹചര്യത്തിലാണ് ഇ.ഡിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടിയും കേസില്‍ സര്‍ക്കാരിനെ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടും അഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ്സെക്രട്ടറി വി വേണു ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കേസന്വേഷണം തടസ്സപ്പെടുത്താനും അട്ടിമറിക്കാനും സര്‍ക്കാരും പൊലീസും ജയില്‍ അധികൃതരും ശ്രമിച്ചുവെന്നതുള്‍പ്പെടേയുള്ള ഇ.ഡിയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ബെംഗ്ലൂരുവിലേക്ക് മാറ്റിയാല്‍ അത് സംസ്ഥാനത്തെ ഭരണ നിര്‍വ്വഹണത്തെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കും. സംസ്ഥാനത്തെ ജൂഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കും. കേസന്വേഷണം തടസ്സപ്പെടുത്താനുള്ള ഒരു ശ്രമവും സര്‍ക്കാരിന്‍റ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. സമന്‍സ് ലഭിച്ച ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടേ എല്ലാവരും കൃത്യസമയത്ത് ഹാജരായി മൊഴി നല്‍കിയിട്ടുണ്ട്. മൊഴി രേഖപ്പെടുത്തുന്ന സമയത്ത് ഒരുതരത്തിലുള്ള പ്രതിഷേധവും ഉണ്ടായിട്ടില്ല. ഈ സാഹചര്ത്തില്‍ വിചാരണ മാറ്റേണ്ട ഒരു കാരണവും നിലനില്‍ക്കുന്നില്ലെന്നും ഹര്‍ജിയില്‍ വാദിക്കുന്നു. വിചാരണ മാറ്റാനുള്ള ഇ.ഡിയുടെ ഹര്‍ജിക്കൊപ്പം കേരളത്തിന്‍റെ ഹര്‍ജി ചീഫ്ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.