ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഡിആർടി ജഡ്ജിക്ക് കാരണം കാണിക്കൽ നോട്ടീസ്

hc
SHARE

ഹൈക്കോടതി ഉത്തരവ് ലംഘിച്ച ഡിആർടി ജഡ്ജിക്ക് കാരണം കാണിക്കൽ നോട്ടീസ്.  ഉത്തരവ് ലംഘിച്ച് കേസ് തീർപ്പാക്കിയ ജഡ്ജിയുടെ നടപടി പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമെന്ന്  ഹൈക്കോടതി വിലയിരുത്തി. സ്ഥലപരിശോധനയ്ക്ക് അഭിഭാഷക കമ്മീഷനെ നിയോഗിക്കണമെന്ന ഹൈക്കോടതി ഉത്തരവാണ് ഡെറ്റ് ട്രൈബ്യൂണൽ ജഡ്ജി തള്ളിയത്

കോഴിക്കോട് സ്വദേശി അലിയുമ്മ നൽകിയ ഹർജിയിലാണ് എറണാകുളം ഡെറ്റ് റിക്കവറി ട്രൈബ്യൂണൽ ജഡ്ജിക്ക് ഹൈക്കോടതി കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. ദേശസാൽകൃത ബാങ്കിൽ നിന്നുമെടുത്ത വായ്പയ്ക്ക് ജാമ്യം നിന്ന ഹർജിക്കാരിയുടെ ഭൂമിക്കെതിരെ സർഫാസി നിയമപ്രകാരം ബാങ്ക് നടപടി എടുത്തിരുന്നു. കാർഷിക ഭൂമിയായതിനാൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് ഇവർ ട്രൈബ്യൂണലിനെ  സമീപിച്ചു. സ്ഥല പരിശോധനയ്ക്ക് അഭിഭാഷക കമ്മീഷനെ നിയോഗിക്കണമെന്നായിരുന്നു ആവശ്യം. അനുകൂല തീരുമാനം ഉണ്ടാകാതിരുന്നതോടെ ഹർജിക്കാരി ഹൈക്കോടതിയെ സമീപിക്കുകയും അഭിഭാഷക കമ്മീഷനെ നിയോഗിക്കാൻ ഉത്തരവ് നേടുകയും ചെയ്തു. എന്നാൽ ഈ ഉത്തരവ് പരിഗണിക്കാതെ ട്രൈബ്യൂണൽ അപേക്ഷ തീർപ്പാക്കി. ഇതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ഒന്നാം നമ്പർ ഡെറ്റ് റിക്കവറി ട്രൈബ്യൂണൽ ജഡ്ജിക്ക് ഹൈക്കോടതി കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. ജഡ്ജിയുടെ നടപടി പ്രഥമദൃഷ്ട്യ കോടതിയലക്ഷ്യമെന്ന് ജസ്റ്റിസ് പി.ഗോപിനാഥ് വിലയിരുത്തി. നടപടി എടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകാൻ രജിസ്ട്രിക്ക് കോടതി ഉത്തരവ് നൽകി. ഒക്ടോബർ 7 നകം മറുപടി നൽകാനാണ് ഉത്തരവ്. 

MORE IN KERALA
SHOW MORE