arya-pic-removed

സംസ്ഥാനത്തെ ഏറ്റവും നീളമേറിയ കാല്‍നട മേല്‍പ്പാലം എന്ന നേട്ടത്തോടെ തിരുവനന്തപുരം കിഴക്കേകോട്ടയില്‍ ഓവര്‍ബ്രിഡ്ജ് തയാറായിരിക്കുകയാണ്. വെറുമൊരു മേല്‍പ്പാലം എന്നതിനപ്പുറം തിരുവനന്തപുരത്തിന്റെ ചരിത്രവും പ്രൗഡിയുമെല്ലാം കോര്‍ത്തിണക്കിയാണ് നിര്‍മാണം. കിഴക്കേകോട്ടയിലെ ഗതാഗത കുരുക്കിന് ആശ്വാസമാണ് മേല്‍പ്പാലമെങ്കിലും, മേയര്‍മാരുടെ ഫോട്ടോ തിരുകി കയറ്റലും ഒടുവിലെ ഒഴിവാക്കലുമെല്ലാം ചേര്‍ന്ന് അല്‍പം വിവാദത്തിനും തിരികൊളുത്തിയിരിക്കുകയാണ്.

 

മേല്‍പ്പാലത്തിന്റെ ചുവട്ടില്‍ അഭിമാനം അനന്തപുരി എന്ന പേരില്‍ സെല്‍ഫി പോയിന്റുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ജനിച്ച് നാടിനാകെ അഭിമാനമായി വളര്‍ന്നവരുടെ ഫോട്ടോയാണ് അവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമിയും അയ്യങ്കാളിയും കുമാരനാശാനും മാര്‍ത്താണ്ഡവര്‍മ്മയും തുടങ്ങി മോഹന്‍ലാലും സഞ്ചു സാംസണും വരെ ഫോട്ടോയിലുണ്ട്. എന്നാല്‍ ആദ്യം അവര്‍ക്കൊപ്പം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍, മുന്‍ മേയറും വട്ടിയൂര്‍ക്കാവ് എം.എല്‍.എയുമായ വി.കെ.പ്രശാന്ത്, മുന്‍ മേയര്‍ കെ.ശ്രീകുമാര്‍ എന്നിവരുടെ ഫോട്ടോയും ഉള്‍പ്പെടുത്തി.

 

എന്തിനാണ് തിരുവനന്തപുരത്തെ മഹാന്‍മാരുടെ പട്ടികയില്‍ രാഷ്ട്രീയക്കാരായ ഇവരെ ഉള്‍പ്പെടുത്തിയതെന്ന സംശയം വ്യാപകമായി. നിര്‍മാണത്തിന് അനുമതി നല്‍കി എന്നതിനപ്പുറം മേല്‍പ്പാലത്തില്‍ കോര്‍പ്പറേഷന് ക്രെഡിറ്റ് ഒന്നുമില്ല. ആക്സോ എന്‍ജിനിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി നാലരക്കോടിയോളം മുടക്കി സൗജന്യമായി നിര്‍മിച്ച് നല്‍കുന്നതാണ് മേല്‍പ്പാലം. രാഷ്ട്രീയക്കാര്‍ എന്ന നിലയിലാണങ്കില്‍ സ്ഥലം എം.എല്‍.എയും മന്ത്രിയുമായ ആന്റണി രാജു, ജില്ലയുടെ ചുമതലയുള്ള സി.പി.എം മന്ത്രി വി.ശിവന്‍കുട്ടി, എം.പി. ശശി തരൂര്‍ തുടങ്ങിയവരെയെല്ലാം ഉള്‍പ്പെടുത്തണം. ഇതോടെ സ്വാധീനം ഉപയോഗിച്ച് മേയറും കൂട്ടരും ഫോട്ടോയില്‍ തിരുകി കയറിയെന്ന ആക്ഷേപം ഉയര്‍ന്നു.

 

ആദ്യമൊക്കെ ആക്ഷേപത്തെ പുച്ഛിച്ച് തള്ളുകയാണ് ആര്യാ രാജേന്ദ്രനും കോര്‍പ്പറേഷനും ചെയ്തത്. എന്നാല്‍ ഉദ്ഘാടനം അടുത്തതോടെ പണി പാളുമെന്ന് ബോധ്യമായി. പതുക്കെ മൂന്ന് ഫോട്ടോയും അപ്രത്യക്ഷമായി. ഇപ്പോള്‍ അഭിമാനം അനന്തപുരിക്കാര്‍ക്കൊപ്പം മേയര്‍മാര്‍ ഇല്ല.

സാംസ്കാരിക –സാമൂഹിക നായകര്‍ക്കൊപ്പം രാഷ്ട്രീയക്കാരെ ഉള്‍പ്പെടുത്തേണ്ടെന്ന തീരുമാനം എടുത്തതുകൊണ്ടാണ് ഫോട്ടോ മാറ്റിയതെന്നാണ് നിര്‍മാണം നടത്തിയ സ്വകാര്യകമ്പനി വിശദീകരിക്കുന്നത്. ആദ്യം അത്തരം തീരുമാനം ഇല്ലായിരുന്നെന്നും പറയുന്നു.എന്തായാലും ആദ്യം തിരുകി കയറ്റിയ ഫോട്ടോകള്‍ ഉദ്ഘാടനത്തിന്റെ തലേദിവസം എടുത്തുമാറ്റി ആക്ഷേപങ്ങളില്‍ നിന്ന് തലയൂരി.