സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഒറ്റപ്പാലം; നിർണായക തീരുമാനങ്ങളുടെ കേരളമണ്ണ്

സ്വാതന്ത്ര്യ സമരകാലത്ത് ഒട്ടേറെ അഭിമാന നിമിഷങ്ങൾക്കു സാക്ഷിയായ മണ്ണാണ് ഒറ്റപ്പാലം. മലബാറിലെ സ്വാതന്ത്ര്യ സമരപോരാട്ടങ്ങളുടെ പദ്ധതികൾ പലതും രൂപപ്പെട്ടത് ഒറ്റപ്പാലത്തു നിന്നാണെന്നതും ചരിത്രം. 1921ലെ പ്രഥമ കെപിസിസി സമ്മേളനം മുതൽ വായിച്ചെടുക്കാം സ്വാതന്ത്ര സമരത്തിന്റെ ഒറ്റപ്പാലം ചരിത്രം. 

കെപിസിസിയുടെ പ്രഥമ സമ്മേളനം, ബ്രിട്ടീഷ് പൊലീസിന്റെ മർദനം, രാജ്യത്ത് ആദ്യമായി വനിതകളുടെ സമര രംഗത്തേക്കുള്ള വരവ്. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഒറ്റപ്പാലത്തിന് അഭിമാനിക്കാൻ ഏറെയുണ്ട്. സമരത്തിന്റെ ആവേശമായി രണ്ടുതവണ ഗാന്ധിജിയും ഒറ്റപ്പാലത്തിന്റെ മണ്ണിലെത്തി. 1920ൽ മഞ്ചേരിയിൽ രാമയ്യരുടെ നേതൃത്വത്തിൽ നടന്ന ആലോചന യോഗത്തിലാണ് കോൺഗ്രസിനെ സമ്പൂർണ ജനകീയ പ്രസ്ഥാനമാക്കി മാറ്റണമെന്ന ആശയം രൂപപ്പെട്ടത്. വള്ളുവനാടിന്റെ പ്രധാന കേന്ദ്രമായ ഒറ്റപ്പാലത്തെ സമ്മേളന വേദിയായി തിരഞ്ഞെടുത്തു.

പെരുമ്പിലാവിൽ രാമുണ്ണി മേനോൻ, പൊൻമേടത്ത് മൊയ്തീൻകുട്ടി, കട്ടിലശ്ശേരി മുഹമ്മദ് മൗലവി, എം.പി.നാരായണ മേനോൻ, കെ.മാധവൻ നായർ തുടങ്ങിയവർക്കായിരുന്നു ചുമതല. പ്രൗഢ ഗംഭീരമായിരുന്നു സമ്മേളനം. സമാപന സമ്മേളനത്തിനിടെയായിരുന്നു രാമുണ്ണി മേനോനും കെ.മാധവൻ നായർക്കും നേരെ ബ്രിട്ടീഷ് പൊലീസിന്റെ ക്രൂരമർദനം. സമ്മേളനം കാണാനെത്തിയ ചിലരെ പ്രക്ഷോഭകാരികളെന്ന് തെറ്റിധരിച്ച് കോടതി വളപ്പിലെ ആലിൽ കെട്ടിയിട്ടു. ചിലരെ ഒറ്റക്കാലിൽ നിർത്തി. 1934 ജനുവരി 10 ന് ഗാന്ധിജി ഒറ്റപ്പാലത്തെത്തിയപ്പോഴായിരുന്നു വനിതകൾ സമര രംഗത്തേക്കിറങ്ങിയ അഭിമാന നിമിഷം. ചുനങ്ങാട് കുഞ്ഞിക്കാവ് അമ്മയുടെ നേതൃത്വത്തിൽ മുപ്പതോളം വനിതകളാണ് പ്രകടനത്തിനിറങ്ങിയത്. 1927 ഒക്ടോബർ 28 നും ഗാന്ധിജി ഒറ്റപ്പാലത്തെത്തിയിരുന്നു.