പാർട്ടി പതാകയ്ക്കു താഴെ ദേശീയ പതാക; ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ; പൊലീസെത്തിയപ്പോൾ കാണാനില്ല

മുതലമട ചെമ്മണാംപതിയിൽ സിപിഎം പ്രാദേശിക നേതാവിന്റെ വീടിനു മുന്നിൽ പാർട്ടി പതാകയ്ക്കു താഴെ ദേശീയ പതാക കെട്ടി അനാദരവ് കാണിച്ചെന്ന് ആക്ഷേപം. അണ്ണാനഗർ സ്വദേശിയുടെ വീടിനു മുന്നിലാണു സംഭവം. പാർട്ടി പതാകയ്ക്കു താഴെയായി ദേശീയ പതാക കെട്ടിയതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതോടെ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിൽനിന്ന് എസ്ഐ എസ്.ഉണ്ണിയും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

പൊലീസ് സംഘം എത്തിയപ്പോൾ പക്ഷേ ഇത്തരത്തിൽ പതാക കെട്ടിയതായി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്നു ചിറ്റൂർ ഡിവൈഎസ്പി സി.സുന്ദരനും ചെമ്മണാംപതി അണ്ണാനഗറിലെത്തി പരിശോധന നടത്തിയിരുന്നു. അവിടെ പതാക കെട്ടിയിരുന്നതായി പൊലീസുകാരോട് നാട്ടുകാർ അറിയിച്ചതായി പറയുന്നു. 

പൊലീസ് പരിശോധനാ സമയത്തു പാർട്ടി പതാകയ്ക്കു താഴെ ദേശീയ പതാക കെട്ടിയതായി കാണാത്ത സാഹചര്യത്തിലും ഇതു സംബന്ധിച്ചു പരാതികളൊന്നും ലഭിക്കാത്തതിനാലും‍ പൊലീസ് കേസെടുത്തിട്ടില്ലെന്ന് ചിറ്റൂർ ഡിവൈഎസ്പി സി.സുന്ദരൻ പറഞ്ഞു.എന്നാൽ ദേശീയ പതാകയോട് അനാദരവ് കാണിച്ചവർക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസും ബിജെപിയും രംഗത്തെത്തി.