കാലം മായ്ക്കാതെ അപ്പമേസ്തിരിയും, ബാപൂട്ടിയും, കൊച്ചുരാമനും..; മുരളി എന്നും അമരത്ത്

സ്വാഭാവിക അഭിനയ ശൈലി കൊണ്ട് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ നടനായിരുന്നു ഭരത് മുരളി. പഞ്ചാഗ്നിയിലെ വില്ലന്‍ വേഷത്തിലൂടെ മലയാള സിനിമയക്ക് ലഭിച്ച അതുല്യ പ്രതിഭ ഓര്‍മ്മയായിട്ട് 13 വര്‍ഷം.

അരങ്ങിലും വെള്ളിത്തിരയിലും കരുത്ത് തെളിയിച്ച മുരളിക്ക് അഭിനയത്തില്‍ മാത്രമായിരുന്നു അഹങ്കാരം. താരപരിവേഷവും നാട്യങ്ങളും ഇല്ലാതെ പരുക്കന്‍ കഥാപാത്രങ്ങള്‍ക്ക് ഉയിര് നല്‍കി. പാത്ര സൃഷ്ടിയുടെ പൂര്‍ണതയില്‍ ശബ്ദ നിയന്ത്രണവും ആസ്വാദകര്‍ മുരളിയിലൂടെ അനുഭവിച്ചറിഞ്ഞു..

ഒരേസമയം നെയ്ത്തുകാരനിലെ അപ്പമേസ്തിരിയും ആധാരത്തിലെ ബാപ്പുട്ടിയുമായും വിസ്മയിപ്പിച്ചു. അച്ചൂട്ടിയുടെ വിങ്ങലുകള്‍ മമ്മൂട്ടി പകര്‍ന്നപ്പോള്‍, മുരളീ മത്സരിച്ച് അഭിനയിച്ചത് അമരത്തിലെ കൊച്ചുരാമനായി...ഒപ്പം പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്ത വെങ്കലത്തിലെ ഗോപാലനായും..

കാരുണ്യത്തിലെ ഗോപി മാഷായും പുലിജന്മത്തിലെ കാരി ഗുരുക്കളായും പകര്‍ന്നാടാന്‍ അനായാസം സാധിച്ചു. തച്ചനും അച്ഛനും പരുക്കനുമായ മുരളിയുടെ ഭാവഭേദങ്ങള്‍ മലയാളി ആസ്വദിച്ചു കൊണ്ടേയിരിക്കുന്നു. കാലത്തിന്‍റെ കണക്ക് പുസ്തകത്തില്‍ ഈ നെയ്ത്തുകാരന്‍ എന്നും അമരത്ത് തന്നെ നില്‍ക്കും