'ചുവന്ന കാറിൽ നിന്ന് ഇറങ്ങി ചാടി; പുഴയിലൂടെ നീന്തി': മൊഴി

‘പാലത്തിനു സമീപം ഒരു ചുവന്ന കാർ നിർത്തി കുറച്ചു പേർ ഇറങ്ങി പാലത്തിന്റെ അരികിലെ വഴിയിലൂടെ താഴേക്ക് ഇറങ്ങുന്നത് കണ്ടു. പെട്ടെന്ന് ആരോ പുഴയിൽ ചാടിയെന്നു പറഞ്ഞ് ആളുകൾ ഓടിക്കൂടി. അപ്പോഴേക്കും കുറേപ്പേർ കാറിൽ കയറി ഓടിച്ചുപോയി’ – പുറക്കാട്ടിരി പാലത്തിനു സമീപം കക്ക കച്ചവടം നടത്തുന്ന മുള്ളങ്കണ്ടി ഗോവിന്ദൻ പറഞ്ഞു. അൽപസമയത്തിനു ശേഷം ഒരാൾ പുഴയിലൂടെ നീന്തിപ്പോകുന്നതു കണ്ടെന്നു പാലത്തിനു സമീപം പുഴയുടെ തീരത്ത് താമസിക്കുന്ന സി.കമല പറയുന്നു.  ഡിഐജി രാഹുൽ ആർ. നായരുടെ നേതൃത്വത്തിൽ ഇന്നലെ പുറക്കാട്ടിരി പാലത്തിനു സമീപം പരിശോധനയ്ക്ക് എത്തിയ പൊലീസ് സംഘത്തിനു മുന്നിലും ഇവർ ഈ മൊഴി വിവരിച്ചു. 

ജൂലൈ 15ന് വൈകിട്ട് അഞ്ചോടെയാണ് സംഭവം. കോഴിക്കോട് നിന്ന് അത്തോളി ഭാഗത്തേക്കു സഞ്ചരിച്ച കാറാണ് പാലത്തിനു സമീപത്ത് നിർത്തിയത്. തട്ടിക്കൊണ്ടു പോയി അജ്ഞാത കേന്ദ്രങ്ങളിൽ മാറി മാറി താമസിപ്പിച്ചിരുന്ന ഇർഷാദിനെ അത്തോളി ഭാഗത്തേക്കു കൊണ്ടുപോവുകയായിരുന്നു. വഴിയിൽ വച്ച് ഛർദിക്കണം എന്നു പറഞ്ഞെന്നും പുറത്തിറങ്ങി പുഴയുടെ അരികിലേക്കു പോയപ്പോൾ ചാടിയെന്നുമാണ്  പ്രതികളുടെ മൊഴി.

പാലത്തിന്റെ ഇരു വശത്തും പുഴയരികിലേക്ക് ഇറങ്ങാവുന്ന വഴി നിർമിച്ചിട്ടുണ്ട്. പുഴയോരത്ത് ധാരാളം വീടുകളുണ്ട്. ഈ വഴിയിലൂടെയാണ് സംഘം ഇർഷാദുമായി താഴേക്കു പോയത്. ആരോ പുഴയിൽ ചാടിയെന്നു പറഞ്ഞ് ആളുകൾ കൂടിയതോടെ ഇവർ രക്ഷപ്പെട്ടു. 

സ്വർണം തേടിയെത്തിയ സ്വാലിഹ് മടങ്ങിയത് മൃതദേഹം കിട്ടിയ ശേഷം

കോഴിക്കോട് ∙ പന്തിരിക്കര സ്വദേശി ഇർഷാദിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയെന്നു കരുതുന്ന കൈതപ്പൊയിൽ സ്വദേശി മുഹമ്മദ് സ്വാലിഹ് ദുബായിലേക്ക് മടങ്ങിയത് ഇർഷാദിന്റെ മരണത്തിനു ശേഷം. നഷ്ടമായ കള്ളക്കടത്ത് സ്വർണം കണ്ടെത്താനായി ഒരു മാസം മുൻപാണ് ഇയാൾ ദുബായിൽ നിന്നു നാട്ടിലെത്തിയത്. ഇതിനു ശേഷമായിരുന്നു ഇർഷാദിനെ തട്ടിക്കൊണ്ടുപോയത്. ദുബായിൽ നിന്നു സ്വാലിഹ് നൽകിയ സ്വർണവുമായാണ് ഇർഷാദ് മേയിൽ നാട്ടിലെത്തിയത്. എന്നാൽ ഈ സ്വർണം ഇർഷാദ് മറ്റു ചിലർക്കു വിറ്റെന്നു പൊലീസ് പറയുന്നു.