നിറഞ്ഞൊഴുകി ചാലക്കുടിപ്പുഴ; മാള, അന്നമനട പ്രദേശങ്ങളില്‍ വെള്ളക്കെട്ട്

ചാലക്കുടിപുഴകരകവിഞ്ഞൊഴുകിയതോടെ മാള, അന്നമനട പ്രദേശങ്ങളില്‍ വെള്ളക്കെട്ട്. കൊരട്ടിയില്‍ നിന്ന് മാളയിലേക്കുള്ള പ്രധാന റോഡില്‍ ഗതാഗതം സ്തംഭിച്ചു.ചാലക്കുടി പുഴയില്‍ ജലനിരപ്പ് വന്‍തോതില്‍ ഉയര്‍ന്നില്ല. പക്ഷേ, ചാലക്കുടി പുഴ കടന്നുപോകുന്ന മാള, അന്നമനട പ്രദേശങ്ങളില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളക്കെട്ട്. തിരുത്ത പ്രദേശം ഒറ്റപ്പെട്ടു. ഇവിടെ നിന്ന് പതിനെട്ടു കുടുംബങ്ങളെ ഇന്നലെ തന്നെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. സ്ഥിരമായി വെള്ളം കയറുന്ന പ്രദേശങ്ങളാണിത്. ചാലക്കുടി മേഖലയേക്കാള്‍ വെള്ളക്കെട്ട് രൂക്ഷമായിട്ടുള്ളതും മാള, അന്നമനട മേഖലയിലാണ്. 

ചാലക്കുടി പുഴയിലേക്ക് പെരിങ്ങല്‍ക്കുത്തില്‍ നിന്ന് വരുന്ന ജലം കുറഞ്ഞു. പറമ്പിക്കുളത്തു നിന്നും ഷോളയാര്‍ ഡാമുകളില്‍ നിന്നും വരുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതാണ് കാരണം. ഇന്ന് ഓറഞ്ച് അലര്‍ട്ടും നാളെ മുതല്‍ ഗ്രീന്‍ അലര്‍ട്ടുമാണ് ജില്ലയില്‍. വരുംദിവസങ്ങളില്‍ മഴയില്ലെങ്കില്‍ ചാലക്കുടി പുഴയുടെ ജലനിരപ്പ് താഴും. ചാലക്കുടി മേഖലയില്‍ ഒഴിഞ്ഞുപോയ കുടുംബങ്ങളില്‍ ഭൂരിഭാഗവും വീടുകളിലേക്ക് തിരിച്ചെത്തി. അപകടാവസ്ഥ ഇല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണിത്.