സ്വാഭാവിക പ്രസവം വാഗ്ദാനം ചെയ്ത് ചികിത്സ; കുട്ടി മരിച്ചു, 6.24 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

pregnant
SHARE

സിസേറിയൻ മുഖേന മൂന്നു പ്രസവം കഴിഞ്ഞ സ്ത്രീക്കു നാച്യുറോപ്പതി - യോഗയിലൂടെ സ്വാഭാവിക പ്രസവം വാഗ്ദാനം ചെയ്തു കുട്ടി മരിക്കാനിടയായ സംഭവം ഡോക്ടറുടെ വീഴ്ചയാണെന്നു ജില്ലാ ഉപഭോക്‌തൃ കമ്മിഷൻ. കൊടിഞ്ഞി സ്വദേശിയായ യുവതിക്കു ചികിത്സച്ചെലവ് ഉൾപ്പെടെ നഷ്ടപരിഹാരമായി 6,24,937 രൂപ നൽകാൻ കമ്മിഷൻ വിധിച്ചു.

3 പ്രസവം സിസേറിയനിലൂടെ കഴിഞ്ഞാലും സ്വാഭാവിക പ്രസവം നടക്കുമെന്ന് അറിഞ്ഞാണു യുവതി വാളക്കുളം പാറമ്മലെ സ്വകാര്യ സ്ഥാപനത്തിൽ എത്തിയത്. പരിശോധിച്ച ശേഷം സ്വാഭാവിക പ്രസവത്തിനു തടസ്സമില്ലെന്നു പറഞ്ഞ് 5 മാസക്കാലം സ്ഥാപനത്തിന്റെ നിർദേശമനുസരിച്ചുള്ള വ്യായാമവും ഭക്ഷണവും പിന്തുടർന്നു. പ്രസവ വേദനയെ തുടർന്നു സ്ഥാപനത്തിലെത്തി മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രസവം നടക്കാതെ അവശയായ യുവതിയെ സ്ഥാപനത്തിൽ നിന്നു കോട്ടയ്ക്കലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് കുട്ടിയെ പുറത്തെടുത്തെങ്കിലും മരിച്ചു.

ഈ സംഭവത്തിലാണു യുവതി കമ്മിഷനെ സമീപിച്ചത്. വിചാരണയിൽ സീസേറിയൻ കഴിഞ്ഞവർക്കു സ്വാഭാവിക രീതിയിലുള്ള പ്രസവം അപകടകരമാണെന്ന് അറിഞ്ഞിട്ടും മതിയായ സുരക്ഷാ സംവിധാനമില്ലാതെ, പ്രസവ വിദഗ്ധയുടെ മേൽനോട്ടമില്ലാതെയാണു പ്രസവ ശുശ്രൂഷയ്ക്കു ശ്രമിച്ചതെന്നും രേഖാമൂലമുള്ള സമ്മതമുണ്ടായിരുന്നില്ലെന്നും കമ്മിഷൻ കണ്ടെത്തി.

പ്രസവമോ കുട്ടിയുടെ മരണമോ തന്റെ സ്ഥാപനത്തിൽ നിന്നുമല്ല സംഭവിച്ചതെന്നും മികച്ച ചികിത്സ നൽകിയെന്നും വീഴ്ച ഉണ്ടായില്ലെന്നുമുള്ള സ്ഥാപനത്തിലെ ഡോക്ടറുടെ വാദങ്ങൾ കമ്മിഷൻ അംഗീകരിച്ചില്ല. ഒരു വിദഗ്ധയായ ഗൈനക്കോളജിസ്റ്റിന്റെ സാന്നിധ്യമില്ലാതെ ഇത്തരത്തിൽ സ്ഥാപനം നടത്താൻ അനുവദിക്കാമോ എന്നത് ഉത്തരവാദപ്പെട്ടവരാണു പരിശോധിക്കേണ്ടതെന്നു കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവിൽ പറഞ്ഞു. നഷ്ടപരിഹാരത്തുക ഒരുമാസത്തിനകം നൽകിയില്ലെങ്കിൽ പരാതി തീയതി മുതൽ 9% പലിശ സഹിതം നൽകണമെന്നും വിധിയിലുണ്ട്.

MORE IN KERALA
SHOW MORE