‘കള്ളം, തന്ത, തെമ്മാടിത്തം...’ കേരള നിയമസഭയിലെ അൺപാർ‌ലമെന്ററി വാക്കുകള്‍

തിരുവനന്തപുരം: കേരള നിയമസഭയിൽ എല്ലാ ദിവസം കേൾക്കുന്നതാണ് ‘കള്ളം’ എന്ന വാക്ക്. എന്നാൽ, പല സഭാംഗങ്ങൾക്കും അറിയില്ല കള്ളം എന്ന വാക്ക് അൺപാർലമെന്ററി (സഭ്യേതരം) ആണെന്ന്. സ്പീക്കറുടെ റൂളിങ് അനുസരിച്ച് കള്ളം എന്ന വാക്കിനു പകരം വേണമെങ്കിൽ വസ്തുതാവിരുദ്ധം എന്നു പറയാം. വലിയ ദോഷകരമല്ലാത്തെ പല വാക്കുകളും അൺപാർലമെന്ററിയായ വാക്കുകളുടെ കൂട്ടത്തിൽ നിയമസഭാ സെക്രട്ടേറിയറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, വീട്ടിലോ നാട്ടിലോ പറയാൻ പറ്റാത്ത ഒട്ടേറെ പ്രയോഗങ്ങൾ ഇൗ പട്ടികയിൽ ഉൾപ്പെട്ടിട്ടുമില്ല.

അംഗങ്ങൾ സഭ്യേതര പ്രയോഗങ്ങൾ നടത്തുമ്പോഴാണ് ആ വാക്കുകൾ പട്ടികയിൽ ഇടം പിടിക്കുക. വാക്കുപയോഗിച്ച അംഗത്തിനെതിരെ സഭയിൽ പ്രതിഷേധമുയരും. സ്പീക്കർ ഇടപെടും. വാക്ക് സഭ്യേതരമെന്നു റൂൾ ചെയ്യും. അതോടെ ആ വാക്ക് അൺപാർലമെന്ററിയായി മാറും. ലാക് ഓഫ് കോമൺസെൻസ് (സാമാന്യ ബോധമില്ലായ്മ), ലയേഴ്സ് (കള്ളം പറയുന്നവർ), നോൺസെൻസ് (വിഡ്ഢിത്തം), തെമ്മാടിത്തം, ബീഭൽസം, കൂളിത്തരം, ഹമുക്ക്, ലൂട്ടർ (കൊള്ളക്കാരൻ), മർഡറർ (കൊലയാളി), ചോരകുടിയൻ, തോന്ന്യാസം തുടങ്ങിയ വാക്കുകളും സഭ്യേതര പട്ടികയിലുണ്ട്.

താൻ എന്ന വാക്ക് വക്കം പുരുഷോത്തമൻ സ്പീക്കറായിരിക്കെയാണ് വിലക്കിയത്. തന്ത എന്ന വാക്ക് തെറ്റല്ലെങ്കിലും അതു പ്രയോഗിക്കുന്ന രീതി അലോസരമുണ്ടാക്കുന്നതാണെന്നായിരുന്നു സ്പീക്കറുടെ റൂളിങ്. 1981ൽ ഒരു മന്ത്രി, തന്റെ പാർട്ടിയിൽ ചെറുപ്പക്കാരുണ്ട്, അലവലാതികളില്ല എന്നു പ്രയോഗിച്ചതോടെ അലവലാതി എന്ന വാക്കിനും വിലക്കു വന്നു. ഹമുക്ക് എന്നാൽ ബുദ്ധിയില്ലാത്തയാൾ എന്നാണെങ്കിലും അത് ഉപയോഗിക്കരുതെന്നായിരുന്നു 1979ൽ സ്പീക്കർ മുന്നറിയിപ്പ് നൽകിയത്.

1964 മുതൽ അൺപാർമെന്ററിയായ വാക്കുകൾ നിയമസഭ ക്രോഡീകരിക്കുന്നുണ്ട്. 2 വർഷത്തിലൊരിക്കൽ ലോക്സഭാ സെക്രട്ടേറിയറ്റിൽ നിന്നു ആവശ്യപ്പെടുമ്പോൾ സഭ്യേതര വാക്കുകളുടെ പട്ടിക അയച്ചു കൊടുക്കാറുണ്ട്. അങ്ങനെ എല്ലാ നിയമസഭകളിൽ നിന്നും പട്ടിക വാങ്ങി ലോക്സഭ സമ്പൂർണ പട്ടിക തയാറാക്കി സൂക്ഷിക്കും. കഴിഞ്ഞ ഏതാനും വർഷങ്ങളായി നിയമസഭ അൺപാലമെന്ററിയായി അധികം വാക്കുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. അംഗങ്ങൾ മൈക്കിലൂടെ പറയുന്ന വാക്കുകളാണ് ജനം കേൾക്കുന്നത്. അതിൽ സഭ്യേതരമായവ മാത്രമാണ് പട്ടികയിൽ കയറിപ്പറ്റുക. മൈക്കില്ലാതെ വിളിച്ചു പറയുന്ന അൺപാർലമെന്ററിയായ വാക്കുകൾ ഇപ്പോഴും പടിക്കു പുറത്തു തന്നെ.