കോൺഗ്രസിന് പ്രതീക്ഷ യുവാക്കളിൽ: തിരുത്തൽ ശക്തിയാകണം: സതീശൻ

മികച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പാർട്ടിക്കു സമ്മാനിച്ചാൽ കൃഷ്ണമണി പോലെ അവരെ പരിപാലിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രാഷ്ട്രീയം, ആശയം, വ്യക്തിശുദ്ധി എന്നിവയില്‍ ഔന്നത്യം കാണിക്കുന്ന പ്രവർത്തകരെ പാർട്ടിക്കു നൽകണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാംപ് ഉദ്ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു. 

രാജ്യവും പാർട്ടിയും പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ കോൺഗ്രസിന് യുവാക്കളിലാണ് പ്രതീക്ഷ. എല്ലാ ദിവസവും വീട്ടിൽ വന്നു തന്നെ കാണുന്നവരെ ഉയർത്താനല്ല, പോസ്റ്ററൊട്ടിച്ചും തല്ലുകൊണ്ടും പാർട്ടിക്കു വേണ്ടി പണിയെടുക്കുന്നവരെ വളർത്താനാണ് നേതാക്കൾ ശ്രദ്ധിക്കേണ്ടത്. 

സർക്കാരും സിപിഎം ക്രിമിനലുകളും അടിച്ചമർത്താൻ ശ്രമിച്ചിട്ടും തകരാത്ത സമരവീര്യവുമായി യൂത്ത് കോൺഗ്രസ് മുന്നോട്ടു പോവുകയാണ്. പാർട്ടിക്കുള്ളിലും പുറത്തും തിരുത്തൽ ശക്തിയായി നിലകൊള്ളണം. ആരുടേയെങ്കിലും തലവെട്ടിയെടുത്ത് അവിടെ മൂവർണക്കൊടി പാറിക്കലല്ല, സാധാരണക്കാർക്കു വേണ്ടി ആർദ്രതയും അലിവും കാണിക്കുന്നയിടത്താണ് സംഘടന നിൽക്കേണ്ടതെന്നും പ്രതിപക്ഷനേതാവ്.  

തിക‍ച്ചും പ്രഫഷനൽ രീതിയിലാണ് ക്യാംപ്. ചിത്രം പതിപ്പിച്ച നോട്ട് പാഡും തിരിച്ചറിയൽകാർഡും ഉള്ളവരെ മാത്രമാണ് ക്യാംപിന്റെ നടപടികളിലേക്കും ചർച്ചകളിലേക്കും പ്രവേശിപ്പിക്കുന്നത്. ആദ്യ ദിവസം എക്സിക്യൂട്ടിവ് ക്യാംപ് ആറു ഗ്രൂപ്പുകളാക്കി തിരിച്ച് ചർച്ചകൾ നടത്തിയിരുന്നു. ആ വിഷയങ്ങൾ ക്യാംപിൽ ചർച്ച ചെയ്ത് പ്രമേയമായി അവതരിപ്പിക്കും. സംഘടന, പരിസ്ഥിതി, ഭാവി, സേവനവും യുവജന ഇടപെടലും, ഔട്ട്‌റീച് തുടങ്ങിയ വിഷയങ്ങളിലാണ് സജീവ ചർച്ച നടക്കുന്നത്.