'മൊത്തത്തിൽ കിളി പോയതാണോ?'; കെ.ടി ജലീലിനെ പരിഹസിച്ച് വി.ടി ബൽറാം

സമൂഹമാധ്യമങ്ങളിൽ വിവാദത്തിന് തിരികൊളുത്തി കെ.ടി ജലീലിന്റെ പ്രതികരണം. തന്റെ തന്നെ ഒരു ഫേസ്ബുക്ക് പോസ്റ്റിന് വന്ന കമന്റിന് ജലീല്‍ നൽകിയ മറുപടിയാണ് വിവാദമാകുന്നത്. ഇതോടെ ജലീലിനെ പരിഹസിച്ച് വി.ടി ബൽറാം രംഗത്തെത്തിയിരിക്കുകയാണ്. ഒരു പ്രമുഖ എൽഡിഎഫ് ജനപ്രതിനിധിയുടെ സോഷ്യൽ മീഡിയ പ്രതികരണമാണിത് എന്നു പറഞ്ഞാണ് കെ.ടി ജലീലിന്റെ മറുപടി അടങ്ങിയ സ്ക്രീന്‍ ഷോട്ടടക്കമുള്ള പോസ്റ്റ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

'ഒരു പ്രമുഖ എൽഡിഎഫ് ജനപ്രതിനിധിയുടെ സോഷ്യൽ മീഡിയ പ്രതികരണമാണിത്!. ചില സംശയങ്ങൾ: പ്രസ്തുത വ്യക്തിക്ക് കാൻസർ വന്നത് അയാൾ കേസിൽ ഒന്നാം പ്രതി ആയതുകൊണ്ടാണോ? അതോ അയാൾ സിറിയക് ജോസഫിന്റെ ഉറ്റ ബന്ധു ആയതിനാലാണോ? അതോ സിറിയക് ജോസഫ് ജലീലിനെതിരെ ലോകായുക്തയിൽ വിധി പറഞ്ഞത് കൊണ്ടാണോ? ഇങ്ങനെ ഓരോരുത്തർക്കും കാൻസർ ബാധിക്കുന്ന ശരീരഭാഗം വച്ച് അതിന്റെ പിന്നിലെ മെഡിക്കൽ-ഇതര കാരണങ്ങൾ കണ്ടെത്താനുള്ള ഏതെങ്കിലും പ്രത്യേക സിദ്ധി ജലീലിനുണ്ടോ? ഉണ്ടെങ്കിൽ ആ സിദ്ധി ഉപയോഗിച്ച് മറ്റ് ഏതെങ്കിലും പ്രമുഖരുടെ അസുഖ കാരണങ്ങൾ ജലീൽ കണ്ടെത്തിയിട്ടുണ്ടോ? 

ആരോ ആവട്ടെ, ഒരാളെ അയാൾക്ക് വന്ന ഗുരുതരമായ അസുഖത്തിന്റെ പേരിൽ പരിഹസിക്കുന്നത് ഒരു പൊതുപ്രവർത്തകനും ദൈവ വിശ്വാസിക്കും ചേർന്ന പണിയാണോ? അതോ ജലീലിന് മൊത്തത്തിൽ കിളി പോയതാണോ?'- എന്നാണ് വി.ടി ബൽറാം ചോദിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിനുനേരെ ബോംബേറുണ്ടായ സാഹചര്യത്തിലിട്ട ഫേസ്ബുക്ക് പോസ്റ്റിലും ഈ സ്ക്രീൻഷോട്ടാണ് കൂടുതലും കാണാനാകുക. എ.കെ.ജി സെന്ററിനുനേരെ ബോംബേറ് എന്ന പത്രവാർത്തയടക്കം പങ്കുവച്ചുകൊണ്ട് ശക്തമായി പ്രതിഷേധിക്കുക എന്നായിരുന്നു ജലീലിന്റെ പോസ്റ്റ്.

'ഇനി വരാനുള്ളതാണ് മക്കളേ തമാശ. എന്റെ ഒരു തുള്ളി രക്തത്തിനായ് ദാഹിക്കുന്നവർ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്നോളൂ. സ്വർണ്ണക്കടത്തിലും ഡോളർ കടത്തിലും എന്റെ നിയമപരവും അല്ലാതെയുമുള്ള ഇടപെടലുകളുടെ വീരഗാഥ കേൾക്കാൻ. അരിയെത്ര എന്ന് ചോദിച്ചാൽ പയറഞ്ഞഴി എന്ന് മൊഴിഞ്ഞ് മുങ്ങരുത്. സൗകര്യപ്പെട്ടാൽ മിത്രങ്ങളും ശത്രുക്കളും കാണുക.'– എന്നുപറഞ്ഞ് ഒരു ചാനലിന് താൻ നൽകിയ അഭിമുഖം സംബന്ധിച്ച വിവരം പങ്കുവച്ച പോസ്റ്റിലാണ് ജലീലിന്റെ വിവാദ കമന്റ്.

മന്ത്രിസ്ഥാനത്ത് നിന്നുള്ള രാജിയെക്കുറിച്ചും സ്വർണകടത്തിനെ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കുമെല്ലാം അദ്ദേഹം നൽകിയ മറുപടിയുടെ സ്ക്രീൻ ഷോട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. 'ആ വിധി പറഞ്ഞ സിറിയക് ജോസഫിന്റെ ഉറ്റ ബന്ധു അഭയ കേസിലെ ഒന്നാം പ്രതി ഫാദർ കോട്ടൂരിന് ലിംഗത്തിൽ ക്യാൻസറാ. അറിഞ്ഞില്ലേ?' എന്നായിരുന്നു ജലീലിന്റെ പ്രതികരണം.