സ്വപ്നക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശം; ഗൂഢാലോചന അടക്കം ചുമത്തും

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെതിരെ കെ.ടി.ജലീല്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാമെന്ന് നിയമോപദേശം. ഗൂഢാലോചന, കലാപത്തിന് ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തും. കന്റോണ്‍മെന്റ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യും. മുഖ്യമന്ത്രിയും ഡി.ജി.പിയും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പരാതിയുമായി ജലീലെത്തിയത്. എന്നാല്‍ വകുപ്പ് ചുമത്തുന്നതില്‍ ആശയക്കുഴപ്പമുള്ളതിനാലായിരുന്നു ഇതുവരെ കേസെടുക്കാതിരുന്നത്.  

മൂന്ന് ആരോപണങ്ങളാണ് ജലീലിന്റെ പരാതിയിലുള്ളത്. തന്നെയും മുഖ്യമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്തി. അതിന് പിന്നില്‍ സ്വപ്നയും പി.സി.ജോര്‍ജും ഉള്‍പ്പെടെയുള്ളവരുടെ ഗൂഡാലോചനയുണ്ട്. അത് വഴി നാട്ടില്‍ കലാപം സൃഷ്ടിക്കുന്നു. ഇത് പ്രകാരം കേസെടുത്താല്‍ സ്വപ്നയും പി.സി.ജോര്‍ജും ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ക്കാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.