സെക്രട്ടറിയേറ്റിൽ ഒഴിഞ്ഞുകിടക്കുന്നത് 56 തസ്തികകൾ; അദാലത്ത് പ്രതിസന്ധിയിൽ

സെക്രട്ടറിയേറ്റിലെ നിര്‍ണായക തീരുമാനങ്ങളെടുക്കുന്ന സ്പെഷ്യല്‍ സെക്രട്ടറി മുതലുള്ള 56 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു. വകുപ്പുകളില്‍ തീരുമാനമെടുക്കാന്‍ ആളില്ലാത്തതുകൊണ്ടു ഫയല്‍ അദാലത്തും പ്രതിസന്ധിയില്‍. മേയ് 31 നു വിരമിച്ചവര്‍ക്കു പകരമായി സ്ഥാനക്കയറ്റം നടപ്പാക്കുന്നതിലെ കാലതാമസമാണ് കാരണം. ഡി.പി.സി കൂടി  ലിസ്റ്റ് കൈമാറിയെങ്കിലും മുഖ്യമന്ത്രി തലത്തിലെ തീരുമാനം വൈകുന്നതാണ് തസ്തികകള്‍ നികത്തുന്നതിനു തടസം

വകുപ്പ് സെക്രട്ടറിമാര്‍ ഉണ്ടെങ്കിലും നിര്‍ണായക ഫയലുകളില്‍ തീരുമാനമെടുക്കുന്നവരാണ് സ്പെഷ്യല്‍ സെക്രട്ടറിമാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍. മേയ് 31 നു സ്പെഷ്യല്‍ സെക്രട്ടറിമാര്‍ വരെയുള്ള 56 പേരാണ് വിരമിച്ചത്. വിരമിക്കല്‍ തീയതി കണക്കാക്കി സ്ഥാനക്കയറ്റത്തിനായുള്ള പ്രത്യേക കമ്മിറ്റി കൂടി ഏപ്രില്‍ 19 നു തന്നെ ലിസ്റ്റ് കൈമാറിയിരുന്നു. മുഖ്യമന്ത്രി ഒപ്പിട്ടു പുറത്തിറങ്ങുന്നതോടെയാണ് ലിസ്റ്റ് പ്രാവര്‍ത്തികമാകുന്നത്. 

തീരുമാനം വൈകിയതോടെ പല സീറ്റുകളിലും ആളില്ലാതായി. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫയല്‍ അദാലത്തിനും ഉന്നത ഉദ്യോഗസ്ഥര്‍ ഇല്ലാത്തതോടെ വേഗം കുറഞ്ഞു. നിയമസഭ കൂടുമ്പോള്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കേണ്ടതും ഇവരാണ്.  അഡീഷണല്‍ സെക്രട്ടറി റാങ്കിലുള്ളതു മാത്രം 23 പേരാണ് വിരമിച്ചത്.  മേയ് 31 ജീവനക്കാര്‍ വിരമിക്കുന്നത് കണക്കിലെടുത്ത് 31 നോ ജൂണ്‍ ഒന്നിനോ പുതിയ ലിസ്റ്റിറങ്ങി ഉദ്യോഗസ്ഥര്‍ ചുമതലയേല്‍ക്കാറാണ് പതിവ് രീതി. ഇതിനു മാറ്റം വന്നതോടെയാണ് നിര്‍ണായക സീറ്റുകളില്‍ ആളില്ലാതായത്. പ്രതിപക്ഷ സെഘടനകള്‍ പരസ്യ പ്രതിഷേദവുമായി രംഗത്തു വന്നു കഴിഞ്ഞു. ഭരണാനുകൂല സംഘടനയക്കും പ്രതിഷേധമുണ്ടെങ്കിലും പരസ്യ പ്രതിഷേധത്തിനില്ലെന്നാണ് നിലപാട്.