കർഷകർക്ക് പ്രതീക്ഷയായി അപ്പർ ഷോളയാർ ഡാമിൽ നീരൊഴുക്കേറി; ജലനിരപ്പ് നൂറടി കടന്നു

കർഷകർക്ക് പ്രതീക്ഷയേകി അപ്പർ ഷോളയാർ ഡാമിന്റെ ജലനിരപ്പ് നൂറ് അടി കടന്നു. കാലവർഷം കനക്കും മുൻപുള്ള ഈ നീരൊഴുക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. നൂറൂകണക്കിന് കര്‍ഷകരാണ് അപ്പര്‍ ഷോളയാറിലെ ജലത്തെ ആശ്രയിക്കുന്നത്. 

കോയമ്പത്തൂർ ജില്ലയിലെ വാൽപാറയിലുള്ള അപ്പർ ഷോളയാർ ഡാം തെക്കേ ഇന്ത്യയിലെ ഉയരം കൂടിയ ഡാമുകളിൽ രണ്ടാം സ്ഥാനത്താണ്. ഡാമിലെ നീരൊഴുക്കിനെ ആശ്രയിച്ച് നിരവധിപേരാണ് കൃഷിയിറക്കുന്നത്. ഇത്തവണ ഈ പ്രതീക്ഷയ്ക്ക് കൂടുതൽ കരുത്ത് നൽകുന്നതാണ് ഡാമിലെ ജലവിതാനം. ഡാമിലെ വെള്ളം കോയമ്പത്തൂർ, തിരുപ്പൂർ ജില്ലകളിലെ ലക്ഷകണക്കിന് ഏക്കറിൽ കൃഷി ചെയ്യുന്നവരുടെ ജീവല്‍പ്രശ്നമാണ്. മാത്രമല്ല രണ്ട് ജലവൈദ്യുതി പദ്ധതികളും ഡാമിനെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

പറമ്പിക്കുളം ആളിയാർ പദ്ധതിയുടെ കീഴിലുള്ള പ്രധാന അണക്കെട്ടുകളായ അപ്പർ ഷോളയാർ, ലോവർ നീറാർ, അപ്പർ നീറാർ എന്നീ അണക്കെട്ടുകളില്‍ അപ്പർ ഷോളയാറിൽ മാത്രമാണ് ജലം സംഭരിക്കാനുള്ള ശേഷിയുള്ളത്. അപ്പർ നീരാറിൽ നിന്നും വരുന്ന വെള്ളം തുരങ്ക പാതയിലൂടെ അപ്പർ ഷോളയാറിലേക്ക് വെള്ളമെത്തിക്കാനുള്ള പ്രത്യേക സംവിധാനമുണ്ട്. അപ്പർ ഷോളയാർ ഡാമിൽ ജൂൺ മാസം മുതൽ സംഭരിക്കുന്നതിൽ ഷോളയാർ പവർ ഹൗസ് ഒന്നിൽ 84 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ട്. പുറത്തേക്ക് ഒഴുക്കുന്ന വെള്ളം പറമ്പികുളത്തേക്ക് തുറന്നുവിടും. പവർഹൗസ് രണ്ടിൽ 16 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനത്തിന് ശേഷം പറമ്പിക്കുളം ആളിയാർ കരാർ പ്രകാരം കേരളത്തിലേക്കും വെള്ളം തുറന്നുവിടും. നിലവിലെ ജലനിരപ്പ് നൂറ് അടിയായി ഉയര്‍ന്നത് കേരളത്തിലെ കര്‍ഷകര്‍ക്കും ചെറിയ തോതില്‍ സഹായമാകും.