എല്ലാ ചില്ലറ മദ്യവിൽപനശാലകളും പ്രീമിയമാക്കും; ക്യൂ നിന്ന് അപമാനിതരാകണ്ടെന്നും മന്ത്രി

സംസ്ഥാനത്തെ എല്ലാ ചില്ലറ മദ്യവിൽപനശാലകളും പ്രീമിയം വിൽപനശാലകളാക്കി മാറ്റുമെന്നും ഇതിനായി ആവശ്യമെങ്കിൽ ബവ്റിജസ് കോർപറേഷൻ സ്ഥലം ഏറ്റെടുത്ത് സ്വന്തം നിലയിൽ താൽക്കാലിക കെട്ടിടങ്ങൾ നിർമിക്കുമെന്നും മന്ത്രി എം.വി.ഗോവിന്ദൻ. 

കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) ജില്ലാ കമ്മിറ്റിയുടെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . പ്രീമിയം വിൽപനശാലകൾക്കായി സ്ഥലം നൽകാൻ ആളുകൾ തയാറാണ്. കെട്ടിടങ്ങൾക്ക് പൊതുമരാമത്ത് വകുപ്പിന്റെ നിരക്കിലാകും വാടക. നിലവിൽ വിൽപനശാലയുള്ള സ്ഥലത്ത് ആവശ്യത്തിനു വിസ്തൃതിയുള്ള കെട്ടിടം ലഭിച്ചില്ലെങ്കിൽ മറ്റൊരിടത്തേക്കു മാറ്റും. വിൽപനശാലകൾ നഗരങ്ങളിൽ വേണമെന്നു നിർബന്ധമില്ല.

മദ്യം ലഭിക്കുന്ന ഇടത്തു പോയി വാങ്ങാൻ ആളുകൾ തയാറാണ്. മഴയും വെയിലും കൊണ്ട് ക്യൂ നിൽക്കാതെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുത്തു മാന്യമായി വാങ്ങിക്കൊണ്ടു പോകാനുള്ള സൗകര്യം ഇവിടെ ഉണ്ടാകും. കാത്തിരിക്കുന്നവർക്ക് ഇരിപ്പിടങ്ങളും ക്രമീകരിക്കും. ഇപ്പോഴത്തെ പോലെ ക്യൂ നിന്ന് അപമാനിതരാകുന്ന സ്ഥിതി ഇനി ഉണ്ടാകില്ല.

ഐടി പാർക്കുകളിൽ മദ്യവിൽപനശാലകൾ ആരംഭിക്കാമെന്ന നയം സർക്കാർ സ്വീകരിച്ചിട്ടുണ്ട്. പദ്ധതിയുമായി ആരും മുന്നോട്ടു വന്നിട്ടില്ല. കൊടുക്കാൻ ഞങ്ങൾ റെഡിയാണ്. വില കുറഞ്ഞ മദ്യം വിപണിയിൽ ലഭ്യമായതായും ഇതു സംബന്ധിച്ച പരാതികൾ പരിഹരിച്ചെന്നും മന്ത്രി ഗോവിന്ദൻ വ്യക്തമാക്കി.